Saturday, November 23, 2024
General

‘തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല’, പ്രതികരിച്ച് മനാഫ്


കോഴിക്കോട്: അര്‍ജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് മനാഫ്. എത്ര ക്രൂശിച്ചാലും താന്‍ ചെയ്തതെല്ലാം നിലനില്‍ക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ് പറഞ്ഞു. കൂടാതെ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് വിശദമാക്കി.

യൂട്യൂബ് ചാനല്‍ തുടങ്ങുന്നതില്‍ എന്താണ് തെറ്റെന്നും മനാഫ് ചോദിച്ചു. ഷിരൂരില്‍ എത്തിയ ശേഷമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടും. അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് അവകാശമെന്ന് ചോദിച്ച മനാഫ് അര്‍ജുന്റെ ചിത അണയും മുമ്പ് ക്രൂശിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.

കുടുംബത്തിന് പണം കൊടുത്തിട്ടില്ലെന്ന് ആവര്‍ത്തിച്ച മനാഫ് ഒരിക്കല്‍ ഉസ്താദിനു ഒപ്പം കുടുംബത്തെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം പണം കൊടുത്തിരുന്നു. അതാകും കുടുംബം ഉദ്ദേശിച്ചതെന്ന് പറഞ്ഞു. തനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്ന് കരുതിയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നായിരുന്നു മനാഫിന്റെ വിശദീകരണം.

അതേസമയം മാധ്യമങ്ങളോട് സംസാരിച്ച അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിന്‍, അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും ആരോപിച്ചു.

പുഴയിലെ തിരച്ചില്‍ തുടക്കത്തില്‍ അതീവ ദുഷ്‌കരമായിരുന്നു. കോഴിക്കോട് എം.പി. എം.കെ. രാഘവന്‍ ഓരോ സമയത്തും വിളിച്ച് കൂടെയുണ്ടായിരുന്നു. കൂടാതെ മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫും, മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം താങ്ങായി നിന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് ഡ്രഡ്ജര്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടത് എ.കെ.എം. അഷ്‌റഫ് എം.എല്‍.എ.യുമായി ചേര്‍ന്നാണ്. മാത്രമല്ല രണ്ട് സംസ്ഥാനങ്ങളില്‍നിന്നും വളരെ വൈകാരികമായ അന്ത്യാഞ്ജലിയാണ് അര്‍ജുന് ലഭിച്ചതെന്നും കുടുംബം പറഞ്ഞു.

കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് അത് മറ്റൊരു രീതിയിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും, അര്‍ജുന്‍ സംഭവത്തെ വൈകാരികമായി ചിലര്‍ മുതലെടുക്കാന്‍ ശ്രമിച്ചുവെന്നും കുടുംബം പറയുന്നു. അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇതിന്റെ പേരില്‍ കുടുംബത്തിനെതിരേ നടക്കുന്നത്. അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്നും മറ്റുമാണ് പ്രചരിപ്പിക്കുന്നത് മാത്രമല്ല കുടുംബത്തിന് ഇത് തികയുന്നില്ല എന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടാക്കുന്നു. ഇത് വാസ്തവ വിരുദ്ധമാണെന്നും, ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കുടുംബം പറയുന്നു.


Reporter
the authorReporter

Leave a Reply