General

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Nano News

ആലപ്പുഴ: പുന്നമട കായലില്‍ 70-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഓഗസ്റ്റ് 10-ന് നടത്താനിരുന്ന വള്ളംകളി വയനാട് ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു.

ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍- മൂന്ന്, ഇരുട്ടുകുത്തി എ ഗ്രേഡ്- നാല്, ഇരുട്ടുകുത്തി ബി ഗ്രേഡ്- 16, ഇരുട്ടുകുത്തി സി ഗ്രേഡ്- 14, വെപ്പ് എ ഗ്രേഡ്- ഏഴ്, വെപ്പ് ബി ഗ്രേഡ്- നാല്, തെക്കനോടി തറ- മൂന്ന്, തെക്കനോടി കെട്ട്- നാല് എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

രാവിലെ 11-ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകിട്ട് നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍.

ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സില്‍ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.

ജില്ലയില്‍ ഇന്ന് അവധി

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന ഇന്ന് ആലപ്പുഴ ജില്ലയിലെ അഞ്ച് താലൂക്കുകള്‍ക്ക് അവധി നല്‍കി കലക്ടര്‍ ഉത്തരവായി. അമ്പലപ്പുഴ, കുട്ടനാട്, ചേര്‍ത്തല, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് പ്രാദേശിക അവധി നല്‍കിയത്. നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.


Reporter
the authorReporter

Leave a Reply