Thursday, January 23, 2025
Politics

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു


ന്യൂഡല്‍ഹി: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.എം ജനറല്‍ സെക്രറിയുമായ സീതാറാം യെച്ചൂരി (72) അന്തരിച്ചു. പോളിറ്റ് ബ്യൂറോ അംഗമായിരുന്ന യെച്ചൂരി രാജ്യസഭാ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്്. ഡല്‍ഹി എയിംസിലെ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഈ മാസം 19നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്.

1952 ഓഗസ്റ്റ് 12ന് ആന്ധ്ര ബ്രാഹ്‌മണ ദമ്പതികളായ സര്‍വേശ്വര സോമയാജുല യെച്ചൂരിയുടേയും കല്‍പ്പാകത്തിന്റെയും മകനായി മദ്രാസിലാണ് ജനിച്ചത്. പിതാവ് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ എന്‍ജിനീയറും മാതാവ് സര്‍ക്കാര്‍ ഓഫിസറുമായിരുന്നു. ഹൈദരാബാദിലാണ് പ്രാഥമിക വിദ്യാഭ്യാസം.

തെലങ്കാന പ്രക്ഷോഭത്തെ തുടര്‍ന്ന് അക്കാദമിക ജീവിതം തടസപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മാറി. ജെ.എന്‍.യു പഠനകാലത്താണ് എസ്.എഫ്.ഐയിലൂടെ സജീവ രാഷ്ട്രീയത്തിലെത്തുന്നത്. അടിയന്തരാവസ്ഥ കാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചു.

1985ല്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ പോളിറ്റ് ബ്യൂറോ അംഗമാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് വഴിയൊരുക്കുന്നതില്‍ പ്രധാനിയായിരുന്നു യെച്ചൂരി. കേരളാ സി.പി.എമ്മില്‍ പിണറായി- വി.എസ് അച്ച്യുതാനന്ദന്‍ പോരിന്റെ കാലത്ത് വി.എസിനൊപ്പം നിന്ന നേതാവാണ്.

പത്രപ്രവര്‍ത്തക സീമ ക്രിസ്റ്റിയാണ് ഭാര്യ. നേരത്തെ പ്രശസ്ത വനിതാവകാശപ്രവര്‍ത്തക വീണ മജുംദാറിന്റെ മകളെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തില്‍ മകനും മകളുമുണ്ട്. യച്ചൂരി-സീമ ദമ്പതികളുടെ മകന്‍ ആശിഷ് യെച്ചൂരി 2021ല്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.


Reporter
the authorReporter

Leave a Reply