ആലപ്പുഴ: ആലപ്പുഴയിൽ രോഗിയുമായി പോകുന്ന ആംബുലൻസ് തടഞ്ഞ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. അപകടകരമായി വാഹനമോടിച്ചതിനാണ് വകുപ്പ് കേസെടുത്തിരിക്കുന്നത്. ശൂരനാട് സ്വദേശികളായ യുവാക്കളാണ് ആംബുലൻസിന്റെ യാത്ര തടസപ്പെടുത്തിയത്. ഇവരോട് തിങ്കളാഴ്ച ആർ.ടി.ഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ ഇതുവരെ പൊലിസ് കേസെടുത്തിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നാണ് നൂറനാട് പൊലിസ് പറയുന്നത്. ആദ്യഘട്ടത്തിൽ പരാതിയുമായി ആംബുലൻസ് ഡ്രൈവർ എത്തിയിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. ആംബുലൻസ് ഡ്രൈവറെയും യുവാക്കളെയും പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇവിടെ വെച്ച് യുവാക്കൾ ക്ഷമ ചോദിച്ചതിനെ തുടർന്ന് പരാതി ഡ്രൈവർ പിൻവലിച്ചിരുന്നു. ഇതോടെയാണ് പൊലിസ് കേസെടുക്കാതിരിക്കുന്നത്. എന്നാൽ, സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്ന നിലപാടിലാണ് ആംബുലൻസ് അസോസിയേഷൻ.
എന്നാൽ, സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് സ്വമേധയാ കേസെടുത്തത്. കൂടുതൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
രോഗിയുമായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് പോകവെ താമരക്കുളം വയ്യാങ്കരയിൽ വെച്ചാണ് സംഭവം നടന്നത്. ശൂരനാട് സ്വദേശികളായ യുവാക്കളാണ് ആംബുലൻസിന്റെ യാത്ര തടസ്സപ്പെടുത്തും വിധം സൈഡു കൊടുക്കാതെ കാറോടിച്ചത്. മസ്തിഷ്‌കാഘാതം സംഭവിച്ച രോഗിയായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. ആംബുലൻസ് ഡ്രൈവർ നിരന്തരം ഹോൺ മുഴക്കി സൈഡ് ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ ഒഴിഞ്ഞുമാറാൻ തയ്യാറായില്ല. പിന്നീട് ആംബുലൻസിന് മുന്നിൽ കാർ കുറുകേയിട്ട് ഡ്രൈവറെ കൈേയ്യറ്റം ചെയ്യാനും ശ്രമിക്കുകയായിരുന്നു.