police &crime

200 കോടി ഓൺലൈൻ ക്രിമിനൽ സംഘങ്ങൾ കഴിഞ്ഞവർഷം തട്ടി


ഓൺലൈൻ ക്രിമിനൽ സംഘങ്ങൾ കഴിഞ്ഞവർഷം മാത്രം കേരളത്തിൽ തട്ടിയെടുത്തത് 200 കോടി രൂപ. ഓരോ വർഷവും രജിസ്റ്റർ ചെയ്യുന്ന സൈബർ തട്ടപ്പുകളുടെ എണ്ണത്തിലും ഇരട്ടി വർധനവാണുണ്ടാവുന്നത്.
വ്യക്തി വിവരങ്ങൾ, മെസേജുകൾ, ബാങ്ക് വിവരങ്ങൾ തുടങ്ങിയവ ചോർത്തിയാണ് സാമ്പത്തിക തട്ടിപ്പിനിരയാക്കുന്നത്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കു പ്രകാരം, ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിൽ നാലാം സ്ഥാനത്തുള്ളത് സൈബർ കേസുകളാണ്. അടുത്ത 10 വർഷത്തെ കണക്കെടുത്താൽ എട്ടാം സ്ഥാനത്തുള്ളതും സൈബർ കേസുകളാണ്.
പൊലിസ് കണക്കു പ്രകാരം 2019ൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പുകളുടെ എണ്ണം 26,049 ആയിരുന്നു. എന്നാൽ 2020ൽ 2,57,777 കേസുകളായി കുത്തനെ വളർന്നു. 2021ൽ 4,52,414 എണ്ണമായി വീണ്ടും വർധിച്ചു. 2022ൽ 9,66,790 കേസുകളായി ഉയർന്നു. കഴിഞ്ഞ വർഷം മാത്രം 15,56,218 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ആദ്യ നാലുമാസത്തിൽ മാത്രം 7,40,957 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

മരവിപ്പിച്ചത് തട്ടിപ്പിന് ഉപയോഗിച്ച 5,107 ബാങ്ക് അക്കൗണ്ടുകള്‍

കൊച്ചി: ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്ക് രണ്ടുവര്‍ഷം തടവും പിഴയും തുടങ്ങി ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളുണ്ട്. ഐ.പി.സി വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷകളും നിലവിലുണ്ട്. കര്‍ശനമായ പിഴകള്‍ ഉണ്ടെങ്കിലും നിയമപാലനം എപ്പോഴും വെല്ലുവിളിയായി തുടരുന്നു.
കഴിഞ്ഞവര്‍ഷം മാത്രം ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 23,753 പേര്‍ക്ക് 201കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഈ തുകയുടെ 20 ശതമാനം തിരിച്ചുപിടിക്കാനും സൈബര്‍ വിങ്ങിന് സാധിച്ചു. തട്ടിപ്പിനുപയോഗിച്ച 5,107 ബാങ്ക് അക്കൗണ്ടുകള്‍, 3,289 മൊബൈല്‍ നമ്പറുകള്‍, 239 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, 945 വെബ്‌സൈറ്റുകള്‍ എന്നിവ ബ്ലോക്ക് ചെയ്തു.
പ്രശ്നത്തിന് പരിഹാരം കാണാൻ എല്ലാ ജില്ലകളിലും സൈബര്‍ക്രൈം പൊലിസ് സ്റ്റേഷനുകളുണ്ട്. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനുള്ളില്‍ 1930 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ പരാതി അറിയിച്ചാല്‍ പണം തിരികെ ലഭിക്കാനുള്ള സാധ്യത ഏറേയാണെന്ന് സൈബര്‍-നിയമവിദഗ്ദൻ ജിയാസ് ജമാല്‍ സുപ്രഭാതത്തോട് പറഞ്ഞു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നമ്പരാണ്. പരാതി നല്‍കിയാല്‍ ഉടന്‍ മറുപടി സന്ദേശം ഫോണിലേക്ക് ലഭിക്കും. ശേഷം www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ വിശദവിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ടടക്കം അപ്ലോഡ് ചെയ്താല്‍ ഔദ്യോഗികമായി പരാതി രജിസ്റ്റർ ചെയ്യപ്പെടും.

പരാതിക്കാരന്റെ അടുത്തുള്ള സ്റ്റേഷനുകളിലേക്ക് പരാതി കൈമാറപ്പെടും. കുറ്റവാളികള്‍ പിടിക്കപ്പെടുകയോ പണം മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ ട്രാക്കിങ് സ്റ്റാറ്റസ് ലഭ്യമാകും. നഷ്ടപ്പെട്ട പണം മരവിപ്പിച്ചതായി മനസിലാക്കിയാല്‍ ഉടന്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെട്ടാൽ അക്കൗണ്ട് തുറന്ന് കിട്ടാൻ ഹൈക്കോടതിയെ സമീപിക്കാം. ഏതാനും മാസം മുമ്പ് ഹൈക്കോടതി ഇടപെട്ട് പരാതിക്കാരന്റെ അക്കൗണ്ട് തുറന്ന് നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.


Reporter
the authorReporter

Leave a Reply