General

പിഴ മാത്രം പോരാ ; ഇൻഷ്വറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ


പാലക്കാട്: ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാതെ ഓടുന്ന വാഹനങ്ങൾ പരിശോധനയിൽ കണ്ടെത്തിയാൽ പിഴ ഈടാക്കുന്നതിനൊപ്പം
ഇൻഷ്വറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ഇതു സംബന്ധിച്ച് കർശനമായ നിർദ്ദേശം ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം ൻൽകി.

പലപ്പോഴും റോഡപകടങ്ങൾ കാരണം വഴിയാത്രക്കാരാണ് ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. മോട്ടോർ വാഹന നിയമങ്ങൾ കർശനമായി നടപ്പാക്കേണ്ട ബാധ്യത മോട്ടോർ വാഹന വകുപ്പിനും പോലീസിനുമുണ്ട്. 2022 നവംബർ 24 ന് പാലക്കാട് കയറാംകോട് വാഹന പരിശോധന നടത്തിയ പോലീസ്, ഇൻഷ്വറൻസ് ഇല്ലാത്ത മോട്ടോർ സൈക്കിൾ കസ്റ്റഡിയിലെടുക്കാതെ വിട്ടുനൽകിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

പാലക്കാട് ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പരാതിയിൽ കഴമ്പുള്ളതായി പറയുന്നു. കല്ലടികോട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ നടത്തിയ പരിശോധനയിലാണ് ഇൻഷ്വറൻസ് ഇല്ലാത്ത വാഹനം ഓടിച്ചയാൾക്ക് 2000 രൂപ പിഴയിട്ട ശേഷം വാഹനം വിട്ടു കൊടുത്തത്. ഇത് സമൂഹ മാധ്യമങ്ങളിൽ വാർത്തയായത് പോലീസിന്റെ യശസ്സിന് കളങ്കമുണ്ടാക്കി. തുടർന്ന് എസ്.ഐ ക്ക് മെമ്മോയും താക്കീതും നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഇൻഷ്വറൻസ് ഇല്ലാത്ത വാഹനം പരിശോധനയിൽ വിട്ടുകൊടുത്ത ശേഷം അപകടത്തിൽപ്പെട്ടാൽ ഉത്തരവാദി പോലീസായിരിക്കുമെന്ന് പരാതിക്കാരനായ അഡ്വ. ഗിരീഷ് നൊച്ചുള്ളി അറിയിച്ചു. വാഹന പരിശോധന നടത്തിയ പോലീസുദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതായി കാണരുതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.


Reporter
the authorReporter

Leave a Reply