കണ്ണൂര്‍: ശിക്ഷയിളവ് നല്‍കേണ്ട തടവുകാരുടെ പട്ടികയില്‍ ടി.പി വധക്കേസ് പ്രതികളെയും ഉള്‍പ്പെടുത്തിയ വിവരം ചോര്‍ന്ന സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണമാരംഭിച്ചു. പൊലിസും ജയില്‍ വകുപ്പും സംയുക്തമായാണ് അന്വേഷണം നടത്തുക. വരുംദിവസങ്ങളില്‍ ജയില്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നീക്കവുമുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് തയാറാക്കിയ മോചിപ്പിക്കേണ്ടവരുടെ സാധ്യതാപട്ടികയില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും ഉള്‍പ്പെട്ടത് സംസ്ഥാന രാഷ്ട്രീയത്തില്‍ കത്തിനില്‍ക്കുന്നതിനിടെയാണ് ആഭ്യന്തരവകുപ്പിന്റെ അന്വേഷണം. ജയില്‍ ഉദ്യോഗസ്ഥരില്‍ ചിലരാണ് മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിയതെന്നാണ് സംശയം.
ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ അണ്ണന്‍ സിജിത്ത്, ടി.കെ രജീഷ്, മുഹമ്മദ് ഷാഫി എന്നിവരുടെ പേരുകളാണ് ശിക്ഷാതടവ് കഴിഞ്ഞു മോചിപ്പിക്കപ്പെടേണ്ട തടവുകാരുടെ ലിസ്റ്റിലുണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഓഗസ്റ്റ് 15ന് പ്രതികളെ മോചിപ്പിക്കുന്നതിനാണ് ജയില്‍വകുപ്പ് ലക്ഷ്യമിട്ടത്. അന്‍പതോളം തടവുകാരുടെ പേരാണ് ഇതിനു പരിഗണിച്ചത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് സമര്‍പ്പിക്കേണ്ട ഈ പട്ടിക പുറത്തായതോടെയാണ് വന്‍വിവാദമായത്.
നിയമസഭയിലും പ്രതിപക്ഷം ഇതിനെ ചോദ്യംചെയ്തു. ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ നിയമസഭയില്‍ അവകാശലംഘനത്തിന് നല്‍കിയ നോട്ടിസില്‍ മുഖ്യമന്ത്രിക്ക് പകരം സ്പീക്കര്‍ മറുപടി പറഞ്ഞതും വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നുപേരെ സസ്പെന്‍ഡ് ചെയ്തതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സബ് മിഷന് മറുപടിയായി മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ അറിയിച്ചിരുന്നു. അകാരണമായി ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതില്‍ മറ്റ് ഉദ്യോഗസ്ഥരില്‍ സര്‍ക്കാരിനെതിരേ അതൃപ്തി പുകയുന്നുണ്ട്. ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പൊലിസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവിട്ടത്.