കൊച്ചി: മദ്യപിച്ച് ജോലിക്കെത്തുന്ന കെ.എസ്.ആര്.ടി.സി ജീവനക്കാരെ പിടികൂടാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് പണി കൊടുത്ത് ബ്രത്ത് അനലൈസര്‍. ടെസ്റ്റിന് വിധേയരായവരെല്ലാം ‘ഫിറ്റ്’.
കോതമംഗലം ഡിപ്പോയില്‍ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വനിതാ ജീവനക്കാരുള്‍പ്പടെ മദ്യപിച്ചെന്ന റിസള്‍ട്ട് ലഭിച്ചത്. 50 ഓളം പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിനിടെ മദ്യം തീരേ ഉപയോഗിക്കാത്തവരുടേതടക്കം ബീപ് ശബ്ദം കേട്ടതോടെ ജീവനക്കാര്‍ പരിശോധനയെ എതിര്‍ക്കുകയും ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു.
സംശയംതോന്നി കൂടുതല്‍ പരിശോധന നടത്തിയതോടെയാണ് മെഷീന് തകരാണെന്ന് വ്യക്തമായത്. ഇതോടെ പരിശോധന ഉപേക്ഷിച്ച് സംഘം മടങ്ങുകയും ചെയ്തു.
അതേസമയം, പുലര്‍ച്ചെ നാലുമുതല്‍ എട്ടുവരെ പരിശോധന നടത്തിയപ്പോള്‍ കുഴപ്പമില്ലായിരുന്നുവെന്നും എട്ടു മുതല്‍ നടത്തിയ പരിശോധനകളിലാണ് ബ്രത്ത് അനലൈസറില്‍ പ്രശ്നങ്ങള്‍ കണ്ടതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
മദ്യപിച്ച് ജോലിക്കെത്തുന്നവരുടെ എണ്ണം കൂടുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് ബ്രത്ത് അനലൈസര്‍ ടെസ്റ്റ് നടത്താന്‍ കെ.എസ്.ആര്.ടി.സി തീരുമാനിച്ചത്. കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നത്. ഡ്യൂട്ടിക്കെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും പരിശോധിച്ച് അവര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ട് മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ എന്ന് ഗതാഗതമന്ത്രി കെ.ബി ഗണേശ് കുമാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.