കോഴിക്കോട്: തൃശൂര്‍പൂരത്തിന്റെ നാട്ടില്‍ നിന്നും വിജയിച്ച് കേന്ദ്രസഹമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിയുടെ ആദ്യസന്ദര്‍ശനം സത്യത്തിന്റെ നഗരം എന്നറിയപ്പെടുന്ന കോഴിക്കോട്. ചൊവ്വാഴ്ച രാത്രി കരിപ്പൂരിലെത്തിയ സുരേഷ് ഗോപിക്ക് വിമാനത്താവളത്തില്‍ ഉജ്വലസ്വീകരണമാണ് ലഭിച്ചത്. ബുധനാഴ്ച രാവിലെ ആറരയോടെ സാമൂതിരി രാജവംശത്തിന്റെ ആത്മീയകേന്ദ്രമായ തളിയില്‍ ക്ഷേത്രദര്‍ശനം നടത്തി. ബിജെപി ജില്ലാപ്രസിഡന്‍റ് വി.കെ.സജീവന്‍,ദേവസ്വം എക്സിക്യൂട്ടീവ് ഓഫീഹസര്‍ പി.എം.മനോജ്കൂമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ക്ഷേത്രം പൂജാരി വിഷ്ണു നമ്പൂതിരി പൂര്‍ണകുംഭം നല്‍കി സുരേഷ്‌ഗോപിയെ സ്വീകരിച്ചു.
തുടര്‍ന്ന് ബിജെപി ഓഫീസായ മാരാര്‍ജി ഭവനിലെ കെ.ജി മാരാര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പുഷ്പവൃഷ്ടി ചൊരിഞ്ഞും,മഹിളാപ്രവര്‍ത്തകര്‍ ആരതി ഉഴിഞ്ഞും ഓഫിസിലേക്ക് ഊഷ്മളവരവേല്‍പ്പ് നടത്തി.
സാമൂതിരി രാജവംശത്തിന്റെ രാജപ്രൗഢിക്കൊപ്പം സംഘപരിവാര്‍ പ്രസ്ഥാനത്തിന് കേരളത്തില്‍ ബീജാവാപം ചെയ്ത മണ്ണില്‍ ഔദ്യോഗിക കര്‍മ്മങ്ങള്‍ക്ക് തുടക്കംകുറിക്കുകയായിരുന്നു അദ്ദേഹം. 1967 ജനസംഘം സമ്മേളനം നടന്ന തളി പ്രദേശം കെ.ജി.മാരാരുടെ കര്‍മ്മകേന്ദ്രം കൂടിയായിരുന്നു.
കെ.കേളപ്പന്‍ ഉള്‍പ്പെടെ സ്വാതന്ത്ര്യസമര സേനാനികളുടെയും ആദ്യത്തെ മലയാള നോവലിന് ജന്‍മം നല്‍കിയ സാംസ്‌കാരിക,നവോത്ഥാന നായകരുടെയും നാട്ടില്‍ രാജ്യകര്‍മ്മങ്ങള്‍ക്ക് ശുഭാരംഭം കുറിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് മാതൃഭൂമി മാനേജിങ്ങ് എഡിറ്റര്‍ പി.വി.ചന്ദ്രന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംങ്ങളോടൊപ്പം പ്രാതല്‍ കഴിച്ചു. മാതൃഭൂമി എംഡി എം.വി.ശ്രേയാംസ് കുമാറും പി.വി. നിധീഷും കുടുംബാംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഡയറക്ടറും നിര്‍മാതാവുമായിരുന്ന അന്തരിച്ച പി.വി. ഗംഗാധരന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച അദ്ദേഹത്തിന് പി.വി.മിനി ഉപഹാരം നല്‍കി. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം കണ്ണൂരിലേക്ക് യാത്രയായി.
ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍, എം.ടി. രമേശ്, സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍, കെ.നാരായണന്‍,ടി.പി.ജയചന്ദ്രന്‍,എം.മോഹനന്‍, ഇ.പ്രശാന്ത് കുമാര്‍, പൊക്കിണാരി ഹരിദാസന്‍, കെ.പി.വിജയലക്ഷ്മി, അഡ്വ.രമ്യാ മുരളി, ടി.ചക്രായുധന്‍, ജുബിന്‍ ബാലകൃഷ്ണന്‍,സുനില്‍ ഗോപി തുടങ്ങിയവര്‍ സുരേഷ് ഗോപിയെ അനുഗമിച്ചു.