Saturday, November 23, 2024
General

നവജാതശിശു മരിച്ച സംഭവം; വീഴ്ച ഉണ്ടായിട്ടില്ല, വിശദീകരണവുമായി ആലപ്പുഴ മെഡി. കോളേജ് പ്രിൻസിപ്പൽ


നവജാത ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. അണുബാധയെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നനും വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജിന്‍റെ വിശദീകരണം. ജനിച്ചപ്പോൾ ഉണ്ടായ അണുബാധയാണ് മരണത്തിന് കാരണം. നോർമൽ ഡെലിവറിയാണ് നടന്നതെന്നും പ്രസവത്തിൽ അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു.

ലേബർ റൂമിൽ തന്നെയാണ് പരിചരിച്ചത്. പ്രസവശേഷം മാത്രമാണ് പ്രസവ വാർഡിലേക്ക് മാറ്റിയത്. സീനിയർ ഡോക്ടർമാർ പരിചരിച്ചില്ല എന്നത് അവാസ്തവമാണെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കൂട്ടിച്ചേര്‍ത്തു. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡിൽ കിടന്ന് പ്രസവിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി.


Reporter
the authorReporter

Leave a Reply