Saturday, November 23, 2024
Politics

ഡൽഹി ഉൾപ്പെടെയുള്ള 58 ലോക്സഭാ മണ്ഡലങ്ങളിൽ ആറാം ഘട്ടത്തിൽ ജനം ഇന്ന് വിധി എഴുതുന്നു


ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ ഇന്ന് ജനം വിധി എഴുതും. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാജ്യതലസ്ഥാനം ഉൾപ്പെടെ വിധി എഴുതുന്നത് ഈ ഘട്ടത്തിലാണ്. ഡൽഹിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 889 സ്ഥാനാർഥികളാണ് ആറാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഇതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കും.

ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലെയും ബിഹാറിലെയും എട്ടു മണ്ഡലങ്ങളിലും ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ഡൽഹിയിലെ ഏഴ് സീറ്റുകൾ, ഹരിയാനയിലെ പത്ത് സീറ്റുകൾ എന്നിവയിലേക്കും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. നേരത്തെ മാറ്റി വെച്ച അനന്തനാഗ് രജൗരി മണ്ഡലത്തിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും.

മെഹബൂബ മുഫ്തി, മനോഹർലാൽ ഖട്ടാർ, കനയ്യകുമാർ, മേനക ഗാന്ധി തുടങ്ങിയ പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. അരവിന്ദ് കേജരിവാളിന്റെ ജയിൽ മോചനത്തോടെ പ്രചാരണം ചൂട് പിടിച്ച ഡൽഹിയാണ് പ്രധാന ശ്രദ്ധാകേന്ദ്രം. ഈ ഘട്ടത്തിലെ തെരഞ്ഞെടുപ്പോടുകൂടി 486 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയാകും.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ 5 ഘട്ടങ്ങൾ‍ പൂർത്തിയായപ്പോൾ 428 മണ്ഡലങ്ങളിലായി 66.39% പേർ വോട്ടു രേഖപ്പെടുത്തി. 2019 ൽ ഇത് 68%. 2024ൽ പോളിങ് ശതമാനത്തിൽ നേരിയ കുറവുണ്ടായിട്ടും ബൂത്തിലെത്തിയവരുടെ എണ്ണത്തിൽ വർധനയുണ്ടായി. ജൂൺ ഒന്നിനാണ് അവസാന ഘട്ട (ഏഴാം ഘട്ടം) വോട്ടെടുപ്പ്. ജൂൺ നാലിന് ജനവിധിയുടെ ഫലം അറിയാം.


Reporter
the authorReporter

Leave a Reply