Saturday, January 25, 2025
Local News

ഭൂമാഫിയ കുന്നിടിച്ച് നിരത്തിയ മുക്കത്ത് അടിയന്തര നടപടികൾ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം


കോഴിക്കോട് : ഭൂമാഫിയ അനധികൃതമായി കുന്നിടിച്ചത് കാരണം മുക്കം മണാശ്ശേരി മുത്താലം മേട പറ്റം കുന്നിൻ ചെരിവിൽ താമസിക്കുന്ന നൂറോളം പേരുടെ ജീവൻ അപകടത്തിലായ സാഹചര്യത്തിൽ ജില്ലാ കളക്ടർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ജില്ലാ കളക്ടർക്കൊപ്പം മുക്കം നഗരസഭാ സെക്രട്ടറിയും വിഷയത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിച്ച ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

2022 ൽ മൂന്നര ഏക്കറുള്ള കുന്നിടിച്ച് നിരത്തുമ്പോൾ ജില്ലാ കളക്ടർ, ആർ.ഡി.ഒ, തഹസിൽദാർ, താഴെക്കാട് വില്ലേജ് ഓഫീസർ, ജിയോളജിസ്റ്റ്, മുക്കം പോലീസ് എസ്.എച്ച്.ഒ എന്നിവർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് തിരവമ്പാടി സ്വദേശി സെയ്തലവി സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇപ്പോൾ പെയ്യുന്ന ശക്തമായ മഴയിൽ വീടുകളും പറമ്പുകളും ചെളിയും മണ്ണും നിറഞ്ഞ് വാസയോഗ്യമല്ലാതായി മാറി. 75 വയസുള്ള ലീലാമണിയും മകൻ ദിലീപും സ്വന്തം വീട്ടിൽ താമസിക്കാനാവാതെ ബന്ധുവീട്ടിലേക്ക് മാറി.കുന്നിൻ ചെരിവിൽ 106 പേർ താമസിക്കുന്നുണ്ട്. പരാതി നൽകിയെങ്കിലും ഭൂമാഫിയ കുന്നിടിക്കൽ നിർബാധം തുടർന്നു. 30 അടി ഉയരത്തിൽ കൂട്ടിയിട്ട ചെളിയും പാറകല്ലുകളും ലീലാമണിയുടെ ഉൾപ്പെടെയുള്ള വീടുകളിലേക്ക് വീണു. മണ്ണും ചെളിയും ഒഴുകിയിറങ്ങി ജലസ്രോതസുകൾ അടഞ്ഞു. റോഡുകൾ ബ്ലോക്കായി. വയലുകൾ നിറഞ്ഞു. തികച്ചും ദുരിത പൂർണമാണ് അവിടത്തെ സാഹചര്യം. ജൂൺ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.


Reporter
the authorReporter

Leave a Reply