സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. രണ്ട് ജില്ലകളിലൊഴികെ താപനില മുന്നറിയിപ്പുണ്ട്. വയനാട്, ഇടുക്കി ജില്ലകളൊഴികെ 12 ജില്ലകളിലുമാണ് ജാഗ്രത മുന്നറിയിപ്പുള്ളത്. അതേസമയം കേരളത്തില്‍ വിവിധയിടങ്ങളിലായി ഒറ്റപ്പെട്ട, ശക്തിയായ മഴ ലഭിക്കാനും സാധ്യത.
വയനാട്, ഇടുക്കി ജില്ലകളൊഴികെ സാധാരണയെക്കാൾ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാവാനാണ് സാധ്യത. പാലക്കാട് ഉയർന്ന താപനില 39 വരെ ഉയരും. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 37ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും ഉയർന്ന താപനില.
തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രാത്രികളിൽ താപനില ഉയരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്തും പകൽ 02.30 മുതൽ രാത്രി 11.30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിന്റെ വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു.
ഉയർന്ന തിരമാല ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അതേസമയം കൊടുംചൂടിന് ആശ്വാസമായി, കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ആണ് മഞ്ഞ അലർട്ട് ഉള്ളത്. ഇന്നുമുതൽ അടുത്ത അഞ്ചു ദിവസത്തേക്ക് വടക്കൻ കേരളത്തിലെ വിവിധ പ്രദേശങ്ങളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. മധ്യ–തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കാണു സാധ്യതയെന്നും imd. എന്നാൽ അടുത്ത ആഴ്ച മധ്യ–തെക്കൻ ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.