Wednesday, February 5, 2025
General

യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചെന്ന് പോലീസ്


മേയര്‍ ആര്യ രാജേന്ദ്രനുമായി നടുറോഡില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദു ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചതായി പൊലിസ്. തര്‍ക്കമുണ്ടായ ദിവസം തൃശൂരില്‍ നിന്നു തുടങ്ങി പാളയം എത്തുന്നതുവരെ പലതവണയായി യദു ഒരു മണിക്കൂര്‍ പത്തു മിനുട്ട് ഫോണില്‍ സംസാരിച്ചതായാണ് കണ്ടെത്തല്‍. ഹെഡ് സെറ്റ് ഉപയോഗിച്ചാണ് ഫോണ്‍ ചെയ്തതെന്നാണ് പൊലിസ് പറയുന്നത്. ബസ് ഓടിക്കുന്നതിനിടെ യദു നടത്തിയ ഫോണ്‍വിളിയെക്കുറിച്ച് പൊലിസ് കെ.എസ്.ആര്‍.ടി.സിക്ക് റിപ്പോര്‍ട്ട് നല്‍കും.

ജോലിയെടുക്കുന്ന കാലത്ത് യദു വിവിധ കേസുകളില്‍ പ്രതിയായിരുന്നുവെന്നും പൊലിസ് ചൂണ്ടിക്കാട്ടുന്നു. ഇത് കണക്കിലെടുക്കാതെയാണ് യദുവിനെ ജോലിക്കെടുത്തതെന്നും പൊലിസ് കെ.എസ്.ആര്‍.ടി.സിയെ അറിയിക്കും.

ബസിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാണാതായതിലും പൊലിസിന്റെ സംശയം യദുവിലേക്കാണ് നീളുന്നത്. സംഭവം നടന്നതിന് പിറ്റേ ദിവസം പകല്‍ തമ്പാനൂരിലെ ഡിപ്പോയിലുള്ള ബസിനു സമീപം യദു എത്തിയതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ടും യദുവിന്റെ ഫോണ്‍വിവരങ്ങള്‍ ശേഖരിക്കും.

അതേസമയം, ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും ബസ് കണ്ടക്ടറുമായ സുബിനെ സംശയമുണ്ടെന്നാണ് യദു മാധ്യമങ്ങളോട് പറഞ്ഞത്.

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് ഡ്രൈവറോട് കയര്‍ത്ത സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എക്കുമെതിരെ കേസെടുക്കാന്‍ ഇന്നലെ കോടതി നിര്‍ദേശിച്ചിരിരുന്നു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിന്റെതാണ് നിര്‍ദേശം. നിയമവിരുദ്ധ നടപടി, പൊതുശല്യം, പൊതുവഴി തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ കന്റൊണ്‍മെന്റ് പോലീസിനാണ് നിര്‍ദ്ദേശം നല്‍കിയത്. അഡ്വ. ബൈജു നോയല്‍ നല്‍കിയ സ്വകാര്യ ഹർജിയിലാണ് ഉത്തരവ്.

അതിനിടെ, മേയര്‍ ബസ് തടഞ്ഞതിലും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിലും കേസെടുത്ത് അന്വേഷണം ആവശ്യപ്പെട്ട് ഡ്രൈവര്‍ യദുവും ഇതേ കോടതിയില്‍ ഹർജി നല്‍കി. മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ ദേവ്, ആര്യയുടെ സഹോദരന്‍ അരവിന്ദ്, അരവിന്ദിന്റെ ഭാര്യ ആര്യ, കണ്ടാല്‍ അറിയാവുന്ന ഒരാള്‍ എന്നിവരാണ് എതിര്‍ കക്ഷികള്‍. ഈ ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.


Reporter
the authorReporter

Leave a Reply