Saturday, November 23, 2024
Local News

കൊടും ചൂടിൽ നേന്ത്രവാഴകൾ ഒടിഞ്ഞു തൂങ്ങി; നഷ്ടം താങ്ങാൻ ആവാതെ കർഷകർ


കൊടും ചൂടിൽ ജലാശയങ്ങൾ വറ്റിയതോടെ കാർഷികവിളകൾ പൂർണ്ണമായി കരിഞ്ഞുണങ്ങി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചെറുവണ്ണൂർ ആവള കുട്ടോത്ത് അഞ്ചാം വാർഡിൽ ആയിരക്കണക്കിന് നേന്ത്രവാഴകളും പയർ വർഗ്ഗങ്ങളും തെങ്ങ്,കവുങ്ങ് തുടങ്ങിയ വൃക്ഷങ്ങളും കരിഞ്ഞുണങ്ങി. ഒരു വർഷത്തെ പ്രയത്നത്തിന്റെ ഭാഗമായി കുലച്ച നേന്ത്രവാഴകൾ കനത്ത ചൂടിൽ ഒടിഞ്ഞു തൂങ്ങി. പാകമാകാത്ത വാഴക്കുലകൾ കനത്ത ചൂടിൽ നശിക്കുകയാണ്. ഇത് കർഷകർക്ക് തീരാദുരിതം ആണ്. തങ്ങളുടെ ഓർമ്മയിൽ ഇങ്ങനെ വരൾച്ച വന്നത് ഓർക്കുന്നില്ല എന്നാണ് കർഷകർ പറയുന്നത്.

ഇതുവരെ വറ്റാത്ത കുളങ്ങൾ പോലും പൂർണ്ണമായി വറ്റിയിരിക്കുകയാണ്. പ്രദേശത്തിന്റെ കാർഷിക വിളകളുടെ ജലസേചന സൗകര്യത്തിനായി 45 വർഷം മുമ്പ് നിർമ്മിച്ച കനാൽ ഇന്ന് ഉപയോഗശൂന്യമായി കിടക്കുന്നതും ജലക്ഷാമത്തിന് കാരണമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. കുറ്റ്യാടി ഇറിഗേഷനിലെ ബാല്യക്കോട് മെയിൻ കനാലിൽ നിന്നും ചേനായി ഭാഗത്തേക്ക് 1978 /80 കാലഘട്ടത്തിൽ നിർമ്മിച്ച കനാലിൽ നിന്നും ആവള കുട്ടോത്ത് ഭാഗത്തേക്ക് മണന്തലത്താഴ് നിന്നും പുളി കണ്ടി താഴെ വരെ നിർമ്മിച്ച ഫീൽഡ് പാതി എന്നു പറയുന്ന കൈക്കനാൽ വഴി 45 വർഷമായിട്ടും ശാശ്വതമായി വെള്ളം എത്തിക്കുന്നതിൽ ജലസേചന വകുപ്പ് പരാജയപ്പെട്ടു എന്നും കർഷകർ പറയുന്നു. സർക്കാർ ഫണ്ട് അനാവശ്യമായി ചിലവഴിക്കുകയാണ്.

കർഷകരും നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രദേശത്തേക്ക് കനാൽ വഴി ജലം എത്തിക്കാൻ ഉദ്യോഗസ്ഥർക്ക്‌ സാധിച്ചിട്ടില്ല. ഇങ്ങനെ കൃഷി നശിച്ചിട്ടും വരൾച്ച ബാധിച്ചിട്ടും പ്രദേശത്തെ ജനപ്രതിനിധികൾ തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് കർഷകർ കുറ്റപ്പെടുത്തി. കുറുങ്കോട്ത്തു താഴെക്കുനി കുഞ്ഞിക്കണ്ണൻ. പെരിക്കാംപൊയിൽ സുരേഷ്. നടുക്കണ്ടി നാരായണൻ. കെ കെ രജീഷ്. കെ രാമകൃഷ്ണൻ. കുനിയിൽ ബഷീർ. മലയിൽ രാജൻ. മലയിൽ നാരായണൻ തുടങ്ങി നിരവധി കർഷകർക്കാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്.

കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും പ്രദേശത്തെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണം എന്നും കനാൽ ജലം എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പർ കെ കെ രജീഷ് ആവശ്യപ്പെട്ടു. ജില്ലാ കലക്ടർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയതായി അദ്ദേഹം അറിയിച്ചു.


Reporter
the authorReporter

Leave a Reply