കൃത്യമായ ചടങ്ങുകളില്ലാതെ വിവാഹ രജിസ്‌ട്രേഷന്‍ മാത്രം നടത്തുന്നത് ഹിന്ദു വിവാഹ നിയമപ്രകാരം സാധുവാകില്ലെന്ന് സുപ്രിംകോടതി. ആചാര പ്രകാരമുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയെന്ന തെളിവ് വേണം. 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം നടക്കുന്നില്ലെങ്കില്‍ അതിനുള്ള നിയമസാധുത ഇല്ലാതാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ഹൈന്ദവ വിവാഹങ്ങള്‍ സംഗീതവും നൃത്തവും ഭക്ഷണവുമടങ്ങിയ പരിപാടിയല്ല. വാണിജ്യപരമായ ഇടപാടുമല്ല. ചടങ്ങുകളുടെ അഭാവത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ ഹിന്ദു മാര്യേജ് ആക്ടിന്റെ പരിധിയില്‍ പെടില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.
പൈലറ്റുമാരായ ദമ്പതിമാരുടെ വിവാഹമോചന ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. സാധുവായ ഹൈന്ദവ വിവാഹ ചടങ്ങുകള്‍ നടത്താതെ വിവാഹം കഴിച്ച ഇവര്‍ പിന്നീട് വിവാഹമോചനത്തിന് ഹരജി നല്‍കുകയായിരുന്നു. സമൂഹത്തിന് അടിത്തറ പാകുന്ന കുടുംബം പടുത്തുയര്‍ത്താനുള്ള സ്ത്രീയുടെയും പുരുഷന്റെയും ഒരുമിച്ച് ചേരലാണ് വിവാഹമെന്നും കോടതി നിരീക്ഷിച്ചു.