മണിപ്പൂരില്‍ സി.ആര്‍.പി.എഫിന് നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. മണിപ്പൂര്‍ ബിഷ്‌ണോയി ജിയല്ലയില്‍ നരന്‍സേനയില്‍ വെച്ച് ആയുധങ്ങളുമായെത്തിയവര്‍ സി.ആര്‍.പി.എഫിനെ ആക്രമിക്കുകയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായതെന്ന് മണിപ്പൂര്‍ പൊലിസ് അറിയിച്ചു. പുലര്‍ച്ചെ 2.15ഓടെയാണ് ആയുധധാരികളുടെ സംഘമെത്തി സി.ആര്‍.പി.എഫിനെ ആക്രമിച്ചത്.
സി.ആര്‍.പി.എഫ് 128 ബറ്റാലിയനില്‍പ്പെട്ട അംഗങ്ങളെയാണ് മണിപ്പൂരിലെ ബിഷ്ണാപൂരിലുള്ള നരന്‍സേനയില്‍ വിന്യസിച്ചിരുന്നത്.സി.ആര്‍.പി.എഫിന്റെ ഔട്ട്‌പോസ്റ്റിനുള്ളില്‍ വെച്ചാണ് ബോംബ് പൊട്ടിയത്.
കലാപബാധിത മേഖലയായ മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. അക്രമികളെ പിരിച്ചുവിടാന്‍ പൊലിസിന് വെടിയുതിര്‍ക്കേണ്ടി വന്നിരുന്നു. നാലിടത്ത് നാല് വോട്ടുയന്ത്രങ്ങള്‍ അക്രമികള്‍ തകര്‍ക്കുകയും ചെയ്തു. ഒരു ബൂത്തില്‍ അജ്ഞാതര്‍ വോട്ടുയന്ത്രം അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തിലെ ചില ബൂത്തുകളില്‍ റീപോളിങ് പ്രഖ്യാപിക്കേണ്ടി വന്നിരുന്നു.