കോഴിക്കോട്: മതേതരത്വമെന്നത് ആരുടേയും കുത്തകയല്ലെന്നും, ഏറ്റവും വലിയ മതേതര വാദിയാണ് നരേന്ദ്ര മോദിയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സിപിഎമ്മിനും, കോൺഗ്രസ്സിനും ബോധ്യമാവുമെന്നും കോഴിക്കോട് ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി എംടി രമേശ്. കോൺഗ്രസ്സും സിപിഎമ്മും ബിജെപിയെ മതേതരത്വം പഠിപ്പിക്കണ്ടെന്നും എംടി രമേശ് വ്യക്തമാക്കി. ജാതിയ്ക്കും, മതത്തിനും അതീതമായി എല്ലാവര്ക്കും തുല്യമായി സമ്പത്ത് വിതരണം ചെയ്യുന്നവരാണ് എൻഡി എ യും, നരേന്ദ്ര മോദിയും. ഇവിടെ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി സമ്പത്ത് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നവരാണോ,എല്ലാവർക്കും തുല്യമായി സമ്പത്ത് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്ന നരേന്ദ്രമോദിയാണോ യഥാർത്ഥ മതേതരവാദിയെന്ന് ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ എല്ലാവർക്കും ബോധ്യമാവും. എം ടി രമേശ് പറഞ്ഞു. പരസ്യ പ്രചാരണ സമാപനത്തോടനുബന്ധിച്ച് പാളയത്ത് നടന്ന കൊട്ടിക്കലാശത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിയുടെയും, മതത്തിന്റെയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്നവരാണ് സിപിഎമ്മും, കോൺഗ്രസ്സും . മതേതരത്വവും, മത നിരപേക്ഷതയും ഈ രാജ്യത്തിന്റെ പൊതു സമ്പത്താണ്. രാജ്യത്തെ എല്ലാ ജനങ്ങളെയും ഒരു പോലെ കാണുന്ന, ജാതിയുടെയും, മതത്തിന്റെയും മതിൽക്കെട്ടുകളപ്പുറത്ത് മനുഷ്യനെ മനുഷ്യനായി കാണുന്ന സർക്കാരാണ് നരേന്ദ്ര മോദി സർക്കാർ. കഴിഞ്ഞ രണ്ടു തവണയും കേരളത്തിലെ ജനങ്ങൾക്ക് പറ്റിയ തെറ്റ് അവർ തിരുത്തുമെന്ന് സിപിമ്മിനും, കോൺഗ്രസ്സിനും നല്ല പോലെ അറിയാം. അത് കൊണ്ടാണ് വലിയ വെപ്രാളം സിപിഎമ്മും, കോൺഗ്രസ്സും കാണിക്കുന്നത്. അത് കൊണ്ടാണ് കള്ള പ്രചാരണങ്ങൾ അവർ നടത്തുന്നത്. എംടി രമേശ് പറഞ്ഞു.
ഈ പോരാട്ടത്തിൽ നരേന്ദ്ര മോദിയാണ് ജയിക്കാൻ പോകുന്നത്. നാനൂറു സീറ്റുമായി നരേന്ദ്രമോദി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തിരിച്ചു വരുമ്പോൾ കോഴിക്കോടിന് വേണ്ടി കയ്യുയർത്താൻ താനും, ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായി ഭാരതത്തിന്റെ പാർലിമെന്റിൽ ഉണ്ടാവുമെന്നും, അതിനായി താമര ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തണമെന്നും എംടി രമേശ് കൂട്ടിച്ചേർത്തു.
രാവിലെ എട്ടുമണിക്ക് നടുവണ്ണൂരിൽ നിന്നാരംഭിച്ച റോഡ് ഷോ ബാലുശ്ശേരി, നന്മണ്ട, കാക്കൂർ, കുമാരസാമി, നരിക്കുനി, പൂനൂർ, താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം, കുറ്റിക്കാട്ടൂർ, പന്തീരങ്കാവ്, മീഞ്ചന്ത, പുതിയറ, മലാപറമ്പ്, പുതിയാപ്പ, തുടങ്ങി വിവിധയിടങ്ങളിലൂടെ സഞ്ചരിച്ചാണ് കോഴിക്കോട് പാളയം മാർക്കറ്റിന് സമീപം എത്തിച്ചേർന്നത്. നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയും, ബൈക്ക് റാലിയോടെയും ആയിരുന്നു റോഡ് ഷോ.