കോഴിക്കോട് : കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇൻഡി സഖ്യം അധികാരത്തിൽ വന്നാൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം പിൻവലിക്കാം എന്ന രഹസ്യ ധാരണയുണ്ടെന്ന് എൻ ഡി എ കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എംടി രമേശ്. കോൺഗ്രസിന്റെയും എസ്ഡിപിഐയുടെയും നേതാക്കന്മാർ തമ്മിൽ ഉള്ള ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാരും എസ്ഡിപിഐ നേതാക്കന്മാരും ധാരണ ഉണ്ടാക്കിയിട്ടുള്ളത്. അല്ലെങ്കിൽ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പറയാനുള്ള ആർജ്ജവം എന്തുകൊണ്ട് കോൺഗ്രസ് കാണിക്കുന്നില്ലെന്നും എം ടി രമേശ് ചോദിച്ചു.
കഴിഞ്ഞതവണ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സമാനമായി എസ്ഡിപിഐയുടെ പിന്തുണ കോൺഗ്രസിനുണ്ടായിരുന്നു. കർണാടകയിൽ വിജയകരമായി പരീക്ഷിച്ച ആ ബന്ധമാണ് കേരളത്തിലും പരീക്ഷിക്കുന്നത്. എന്നാൽ പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ഭീകരവാദമുഖം നേരിട്ട് കണ്ടിട്ടുള്ളവരാണ് കേരളത്തിലെ ജനങ്ങൾ. അവിലും മലരും കുന്തിരിക്കവും വാങ്ങി സൂക്ഷിച്ചുകൊള്ളാൻ ആഹ്വാനം ചെയ്യുന്നവരുടെ തോളിൽ കയ്യിട്ട് കൊണ്ട് എങ്ങനെയാണ് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി വോട്ടർമാരെ നേരിടുക എന്നറിയണം.
ഈ രാജ്യത്തെ പ്രബലമായ രണ്ട് ജനവിഭാഗങ്ങളെ ഉന്മൂലനം ചെയ്യാൻ പരസ്യമായി മുദ്രാവാക്യം വിളിച്ചവരുടെ തോളിൽ കൈയിട്ട് വരുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്ന് കോഴിക്കോട്ടെ മതേതര ജനാധിപത്യ സമൂഹത്തിന് അറിയാം. അതുകൊണ്ട് ഭീകരവാദ ശക്തികളുമായി കൈകോർത്ത് പിടിച്ച് മോദി ഗ്യാരന്റിയെ നേരിടാനുള്ള എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ശ്രമം പരാജയപ്പെടുമെന്ന് ഉറപ്പാണെന്ന് എം ടി രമേശ് വ്യക്തമാക്കി.
കേരളവും കോഴിക്കോടും മോദിയുടെ ഗ്യാരന്റിയുടെ പുറകെയാണെന്നും, പോപ്പുലർ ഫ്രണ്ടിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും പുറകെയല്ലന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇത് ബോധ്യപ്പെടുമെന്നും എം ടി രമേശ് പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ എരഞ്ഞിപ്പാലത്ത് നിന്ന് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് എം ടി രമേശ് കളക്ട്രേറ്റിൽ എത്തിയത്. 2 സെറ്റ് പത്രികയാണ് എൻഡിഎ സ്ഥാനാർത്ഥി സമർപ്പിച്ചത്. ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, ലോക സഭാ മണ്ഡലം ഇൻ ചാർജ് കെ.നാരായണൻ മാസ്റ്റർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.രഘുനാഥ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡൻ്റ് ഗിരി പാമ്പനാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.