കോഴിക്കോട്: വ്യാജരേഖ ചമച്ച് ജോലി നേടിയ മുൻ എസ്എഫ്ഐ നേതാവിനെതിരെയും പരീക്ഷ എഴുതാതെ പരീക്ഷ പാസായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കെതിരെയും വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ പിണറായി വിജയൻ സർക്കാർ മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുക്കുന്നത് നമ്മുടെ നാട്ടിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഭിപ്രായ സ്വാതന്ത്യത്തെ കുറിച്ചും മാദ്ധ്യമസ്വാതന്ത്ര്യത്തെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന സിപിഎമ്മിന്റെ അഖിലേന്ത്യാ ജനറൽസെക്രട്ടറി എന്തുകൊണ്ടാണ് കേരളത്തിലെ വിഷയത്തിൽ പ്രതികരിക്കാത്തതെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. ഭരണകൂടത്തിന്റെ മർദ്ദനോപാദി എന്ന് നിങ്ങൾ തന്നെ ആക്ഷേപിച്ച പൊലീസിനെ ഉപയോഗിച്ച് കേരളത്തിൽ മാദ്ധ്യമങ്ങളേ കൂച്ചുവിലങ്ങിടുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. സർക്കാരിനെ ചോദ്യം ചെയ്യുന്നവരെ ജയിലിലടയ്ക്കാൻ ശ്രമിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്യാൻ എന്തുകൊണ്ടാണ് യെച്ചൂരി തയ്യാറാവാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
എല്ലാ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്ത വാർത്തയാണ് ഏഷ്യാനെറ്റ് റിപ്പോർട്ടറും നൽകിയത്. ഏതെങ്കിലും ഒരു മാദ്ധ്യമം കെട്ടിചമച്ച വാർത്തയല്ല അതെന്ന് വ്യക്തമാണ്. എന്നിട്ടും ആ വാർത്തയുടെ പേരിൽ ഒരു മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത് അവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നത് അങ്ങേയറ്റം ഫാസിസമാണ്. സിപിഎം നേതാക്കൾക്കും മുഖ്യമന്ത്രിക്കും അധികാരം തലയ്ക്ക് പിടിച്ചതു കൊണ്ടാണ് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചത് പോലെ പെരുമാറുന്നത്. സർക്കാരിനെ എതിർക്കുന്നവരെ അടിച്ചമർത്താമെന്നും ജനങ്ങളുടെ മേൽ കുതിരകയറാമെന്നും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ ഭീഷണി ഉപയോഗിച്ച് ചെറുക്കാമെന്നുമാണ് എംവി ഗോവിന്ദൻ വിചാരിക്കുന്നത്. അത് നടക്കാൻ പോവുന്നില്ല. സർക്കാരിന്റെ ജനാധിപത്യവിരുദ്ധതയ്ക്കെതിരെ ബിജെപി ശക്തമായി ചെറുത്ത് നിൽക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.