കോഴിക്കോട്: മലബാർ റിവർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിങ് 2022 മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമത്തിലെ മികച്ച വാർത്ത റിപ്പോർട്ടർക്കുള്ള പുരസ്കാരത്തിന് മലയാള മനോരമയിലെ മിത്രൻ വി അർഹനായി. അച്ചടി മാധ്യമം മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം മാതൃഭൂമിയിലെ കൃഷ്ണപ്രദീപ് നേടി.
മീഡിയവൺ ചാനലിലെ ഷിദ ജഗതിനാണ് ദൃശ്യമാധ്യമത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള അവാർഡ്. ദൃശ്യമാധ്യമത്തിലെ മികച്ച ക്യാമറാമാനുള്ള പുരസ്കാരം സിടിവിയിലെ റഫീഖ് കരസ്ഥമാക്കി.
മുതിർന്ന മാധ്യമ പ്രവർത്തകരായ എ.സജീവൻ, ടി.സോമൻ, കെ.പി.രമേശ്, ആർ സുഭാഷ് എന്നിവരായിരുന്നു വിധികർത്താക്കൾ. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2022 ആഗസ്റ്റിലാണ് ജില്ലയിലെ തുഷാരഗിരിയിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും മലബാർ റിവർ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.