കോഴിക്കോട്: മലബാര്‍ മില്‍മ പുറത്തിറക്കിയ എത്തനോ – വെറ്ററിനറി മരുന്നുകള്‍ രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലും ലഭ്യമാക്കണമെന്ന് ദേശീയ ക്ഷീര വികസന ബോര്‍ഡ് ചെയര്‍മാനും നാഷണല്‍ കോ – ഓപ്പറേറ്റീവ് ഡെയറി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭരണ സമിതി അംഗവുമായ മീനേഷ് സി. ഷാ. ഈ മേഖലയിലെ മില്‍മയുടെ പ്രവര്‍ത്തനം അമൂല്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പെരിങ്ങളത്തെ മലബാര്‍ മില്‍മ ആസ്ഥാന മന്ദിരം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മീനേഷ് സി. ഷാ.
നാഷണല്‍ കോ- ഓപ്പറേറ്റീവ് ഡെയറി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിഡിഎഫ്‌ഐ) ചെയര്‍മാന്‍ മംഗള്‍ജിത്ത് റായ്, മാനെജിംഗ് ഡയറക്ടര്‍ ശ്രീനിവാസ സജ്ജ, അമൂല്‍ ചെയര്‍മാന്‍ ഷാമില്‍ ഭായ് പട്ടേല്‍, ഹരിയാന ഡെയറി ഡെവലപ്പ്‌മെന്റ്് കോ- ഓപ്പറേറ്റീവ് ഫെഡറേഷന്‍ ചെയര്‍മാന്‍ രണ്‍ധീര്‍ സിംഗ്, കര്‍ണാടക കോ -ഓപ്പറേറ്റീവ് ഓയില്‍ സീഡ് ഗ്രോവേഴ്‌സ് ഫെഡറേഷന്‍ ഡയറക്ടര്‍ വെങ്കിട്ട റാവു നാദ ഗൗഡ എന്നിവരും മില്‍മ സന്ദര്‍ശിച്ച ദേശീയ സംഘത്തിലുണ്ടായിരുന്നു. വയനാട്ടില്‍ നടന്ന എന്‍സിഡിഎഫ് പാദ വാര്‍ഷിക യോഗത്തിനു ശേഷമാണ് സംഘം മലബാര്‍ മില്‍മ ആസ്ഥാനത്തെത്തിയത്.
മില്‍മ ചെയര്‍മാനും എന്‍സിഡിഎഫ്‌ഐ ഭരണ സമിതി അംഗവുമായ കെ.എസ്. മണി സ്വാഗതമാശംസിച്ച ചടങ്ങില്‍ എന്‍സിഡിഎഫ്‌ഐ മാനെജിംഗ് ഡയറക്ടര്‍ ശ്രീനിവാസ സജ്ജ, മില്‍മ മാനെജിംഗ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, ക്ഷീര വികസന വകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനില്‍ ഗോപിനാഥ്, മലബാര്‍ മില്‍മ മാനെജിംഗ് ഡയറക്ടര്‍ ഡോ.പി. മുരളി എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ ഹൈദരാബാദില്‍ സംഘടിപ്പിച്ച ദേശീയ സ്റ്റാര്‍ട്ട് അപ്പ് സമ്മേളനത്തില്‍ രാജ്യത്തെ ക്ഷീരമേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പായി മില്‍മയുടെ എത്തനോ വെറ്ററിനറി മരുന്നു നിര്‍മാണ പദ്ധതിയെ തെരഞ്ഞെടുത്തിരുന്നു. മലബാര്‍ മില്‍മയുള്‍പ്പെടെ ക്ഷീര സഹകരണ മേഖലയിലെ മൂന്നു സ്ഥാപനങ്ങളെയാണ് സമ്മേളനത്തിലേക്ക് തെരഞ്ഞെടുത്തിരുന്നത്.