കോഴിക്കോട്: തെരുവു കച്ചവടക്കാരുടെ ഉന്നമനവും ഉപജീവന സുരക്ഷയും ലക്ഷ്യമിട്ട് കോഴിക്കോട് കോർപറേഷൻ നേതൃത്വത്തിൽ 21 മുതൽ 25 വരെ വ്യാപാര-ഭക്ഷ്യമേള ‘കാലിക്കറ്റ് കാർണിവെൽ’ സംഘടിപ്പിക്കുന്നു. തെരുവു കച്ചവടക്കാരുടെയും ചെറുകിട വ്യാപാരികളുടെയും ഉപജീവന മാർഗം ശക്തിപ്പെടുത്തുന്നതിനും ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണന സാധ്യതകൾ ഒരുക്കുന്നതിനുമാണ് കല്ലുത്താൻകടവിലെ ന്യൂ പാളയം മാർക്കറ്റിൽ വെച്ച് മേള സംഘടിപ്പിക്കുന്നതെന്ന് മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെരുവു കച്ചവടക്കാർക്കും കുടുംബശ്രീ ചെറുകിട സംരഭകർക്ക് ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം നടത്താനും കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും മേളയിലൂടെ അവസരമൊരുക്കും. കേന്ദ്ര സർക്കാരിന്റെ പി എം സ്വനിധി പദ്ധതിയുടെ ഭാഗമായി തെരുവു കച്ചവടക്കാരുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനായി കോർപറേഷൻ നടലാക്കിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് മേള സംഘടിപ്പിക്കുന്നത്. വിപണന മേളയ്ക്കൊപ്പം ഭക്ഷ്യമേളയും വിവിധ കലാ-സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. വിവിധ വിഷയങ്ങളിൽ വ്യാപാരികൾക്കായി ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. 21 ന് വൈകീട്ട് നാലിന് കല്ലുത്താൻകടവിലെ ന്യൂ പാളയം മാർക്കറ്റിൽ മേളയുടെ ഉദ്ഘാടനം മേയർ നിർവഹിക്കും. കോർപറേൻ പരിധിയിൽ രണ്ടായിരത്തിലധികം തെരുവ് കച്ചവടക്കാരാണുള്ളത്. ഇതിൽ 1956 പേർക്കാണ് കോർപറേഷൻ തിരിച്ചറിയിൽ കാർഡ് ലഭിച്ചിട്ടുള്ളത്. അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനുള്ള സർവേ പൂർത്തിയായാൽ തെരുവു കച്ചവടക്കാർക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥലം ഒരുക്കി നൽകുമെന്നും മേയർ വ്യക്തമാക്കി.


