കോഴിക്കോട്:വ്യാജ സെയിൽ ടാക്സ് റീഫണ്ട് ബില്ലുകൾ ഉപയോഗിച്ച് കോഴിക്കോട് സബ് ട്രഷറിയിൽ നിന്നും 68 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സബ് ട്രഷറിയിലെ മുൻ സീനീയർ അക്കൗണ്ടന്റും, കോഴിക്കോട് തിരുവണ്ണൂർ സ്വദേശിയുമായ എസ്.കണ്ണൻ(55) നെ കോഴിക്കോട് വിജിലൻസ് കോടതി വിവിധ വകുപ്പുകളിലായി 8 വർഷം കഠിനതടവിനും 5,90,000/- രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.
2003–2004 കാലയളവിൽ കോഴിക്കോട് അഡീഷണൽ സബ് ട്രഷറിയിൽ സീനിയർ അക്കൗണ്ടന്റായി സേവനമനുഷ്ഠിച്ചിരുന്ന എസ്. കണ്ണൻ, കോഴിക്കോട് കൊളത്തറ സ്വദേശിയായ ഒരു വ്യക്തിയുമായിച്ചേർന്ന് സെയിൽസ് ടാക്സ് ഓഫീസിൽനിന്ന് ലഭിച്ചതാണെന്ന വ്യാജേന വിൽപ്പന നികുതി റീഫണ്ട് ബില്ലും അനുബന്ധ രേഖകളും വ്യാജമായി നിർമ്മിച്ച് കോഴിക്കോട് സബ് ട്രഷറിയിൽ സമർപ്പിക്കുകയും, പ്രസ്തുത വ്യക്തിയുടെ പേരിൽ 67,66,778/- രൂപ അനുവദിച്ച് തട്ടിയെടുക്കുകയും ചെയ്തതിന് 2005-ൽ കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച ഈ കേസിലാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറയുന്നു. കേസിലെ രണ്ടാം പ്രതിയായ കോഴിക്കോട് കൊളത്തറ സ്വദേശി 2009-ൽ മരണപ്പെട്ടിരുന്നു.കോഴിക്കോട് വിജിലൻസ് കോടതി ജഡ്‌ജ് ഷിബു തോമസ് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അരുൺ നാഥ്. കെ ഹാജരായി. കോഴിക്കോട് വിജിലൻസ് യൂണിറ്റിലെ മുൻ ഡി.വൈ.എസ്.പി മാരായ സി.എം പ്രദീപ് കുമാർ,മുഹമ്മദ് അസ്ലം, ടി ആർ രാജ് മോഹൻ നായർ,സുനിൽ ബാബു കേളോത്തുംകണ്ടി,അബ്ദുൾ വഹാബ്,കെ. അഷറഫ് എന്നിവരാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.


