തിരുവനന്തപുരം:കെഎസ്ആർടിസി ബിസിനസ് ക്ലാസുകൾ നിരത്തിലിറങ്ങും.ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസം പിന്നിട്ടിട്ടും നിരത്തിലിറങ്ങാതെ കട്ടപ്പുറത്ത് തുടർന്നിരുന്ന രണ്ട് ബസുകളാണ് ആഗസ്റ്റ് ആദ്യവാരം സർവീസ് ആരംഭിക്കുക. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വാങ്ങിയ ബസുകൾക്ക് ഇനി ബാക്കിയുള്ളത് ടാക്സുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ മാത്രം. ബസുകൾ നേരത്തെ നിശ്ചയിച്ച റൂട്ടിൽ തന്നെ സർവീസ് നടത്താമെന്നാണ് നിലവിലെ കെഎസ്ആർടിസിയുടെ തീരുമാനം.കോടികൾ ചിലവഴിച്ചാണ് രാജ്യത്ത് ആദ്യമായി സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബിസിനസ് ക്ലാസ് ബസുകൾ അവതരിപ്പിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസുകൾ കൊണ്ടുവന്നതിന്റെ പിന്നിലെ ലക്ഷ്യം കാർ യാത്രികരെ തിരിച്ച് ബസുകളിലേക്ക് എത്തിക്കലായിരുന്നു. എന്നാൽ ഈ ബസുകൾ സർവീസ് ആരംഭിക്കാതെ പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പിൽ കിടക്കുന്നത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. പിന്നാലെയാണ് കെഎസ്ആർടിസിയുടെ വിഷയത്തിലെ ഇടപെടൽ.ഇതിനിടെ ബസുകൾ വാടകയ്ക്ക് എടുക്കാനായി കെഎസ്ആർടിസി ടെന്‍ഡര്‍ ക്ഷണിച്ചു. ഓണം മുതല്‍ പുതുവത്സരം വരെയുള്ള ആഘോഷ ദിവസങ്ങൾ മുന്നിൽകണ്ടാണ് ടെൻഡർ ക്ഷണിച്ചത്.








