Friday, March 1, 2024
LatestPolitics

കോഴിക്കോട് കോർപറേഷൻ അഴിമതിയുടേ വിളനിലം: ബിജെപി


കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ അഴിമതിയുടേ വിളനിലമാണെന്ന് ബിജെപി കോർപറേഷൻ കൗൺസിൽ പാർട്ടിയോഗം കുറ്റപ്പെടുത്തി.
അനധികൃത കെട്ടിട നമ്പർ തട്ടിപ്പ് നടന്ന ഒരു വർഷം പിന്നിട്ടിട്ടും ഈ വിഷയത്തിൽ ഇന്നും കോർപ്പറേഷൻ ഇരുട്ടിൽ തപ്പുകയാണ്. അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് അന്വേഷണം ഏറെക്കുറെ നിലച്ച മട്ടാണ്. കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കള്ള ലൈസൻസ് ഉണ്ടാക്കുന്ന ഇടനിലക്കാർക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത് കോർപ്പറേഷൻ ഭരണകൂടമാണ്. പ്രതിയെ തിരിച്ചറിഞ്ഞിട്ടും ഒരു മാസമായി അവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. 14 കോടി രൂപ ചിലവഴിച്ച് കോർപ്പറേഷൻ നിർമ്മിച്ച കോവൂരിലെ കൃഷ്ണപിള്ള മെമ്മോറിയൽ ഹാൾ നിർമ്മാണത്തിലും അഴിമതിയാണ്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരു മാസം കഴിയുന്നതിനു മുൻപ് ഒരു വശത്ത് ചുറ്റു മതിൽ പൂർണമായും തകർന്നുവീണു.ഒരു പരിപാടി പോലും നടത്താത്ത ഹാളിന്റെ മുൻവശത്ത് പാകിയ ടൈലുകൾ പൂർണമായും തകർന്നിരിക്കുന്നു. നിരവധി പൈപ്പുകൾ ആണ് കോമ്പൗണ്ടിൽ നിന്നും ഡ്രെയിനേജിലേക്ക് തുറന്നുവിടുന്നത്. നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ബിജെപി പ്രക്ഷോഭം ആരംഭിക്കും. സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായ കുടുംബശ്രീയിലും അടിമുടി അഴിമതിയാണ്. ന്യൂനപക്ഷ വിഭാഗ ഫണ്ട് കള്ള രേഖകൾ ചമച്ച് കുടുംബശ്രീ കൈക്കലാക്കുന്നു.ഒരു കുടുംബശ്രീ മാത്രം 14 ലക്ഷം രൂപയാണ് ഇത്തരത്തിൽ കൈക്കലാക്കിയത്. സമാന രീതിയിൽ മറ്റു കുടുംബശ്രീകളും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് സമഗ്ര അന്വേഷണം നടത്തണമെന്ന് കൗൺസിൽ പാർട്ടി യോഗം ആവശ്യപ്പെട്ടു.കഴിഞ്ഞ രണ്ടുവർഷമായി സർവ്വ മേഖലയിലും നിരവധി തട്ടിപ്പുകളാണ് കോർപ്പറേഷനിൽ നടന്നുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ തികഞ്ഞ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കൗൺസിൽ പാർട്ടി ലീഡർ നവ്യ ഹരിദാസ് പറഞ്ഞു.നവ്യ ഹരിദാസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി.റെനീഷ്,അനുരാധാ തായാട്ട്,എൻ .ശിവപ്രസാദ്,സരിത പറയേരി,സി.എസ്. സത്യഭാമ,രമ്യസന്തോഷ് എന്നിവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply