Wednesday, November 29, 2023
GeneralLatestTourism

ബേപ്പൂർ വാട്ടർഫെസ്റ്റ് വിനോദ സഞ്ചാര മേഖലയിൽ കോഴിക്കോട്ടുകാരുടെ സംഭാവന – മമ്മൂട്ടി


കോഴിക്കോട്:ബേപ്പൂർ വാട്ടർഫെസ്റ്റ് വിനോദ സഞ്ചാര മേഖലയിൽ കോഴിക്കോട്ടുകാരുടെ സംഭാവനയാണെന്ന് പ്രശസ്ത സിനിമാ താരം മമ്മൂട്ടി. ബേപ്പൂർ വാട്ടർ ഫെസ്റ്റിൻ്റെ ഉദ്ഘാടനം ബേപ്പൂർ മറീനയിൽ ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകപ്രശസ്തമായ ഉരുവിൻ്റെ നാട് വാട്ടർ ഫെസ്റ്റിലൂടെ വലിയൊരു ജലോത്സവത്തിന് വേദിയാവുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിനോദസഞ്ചാര മേഖലക്ക് ഉണർവേകുന്നതോടൊപ്പം മത്സ്യത്തൊഴിലാളികൾക്ക് പുതിയ മേച്ചിൽ പുറങ്ങൾ തേടാൻ പരിപാടി കാരണമാകും. നെഹ്രു ട്രോഫി വള്ളംകളി പോലെ പ്രശസ്തിയാർജ്ജിക്കാൻ ബേപ്പൂർ വാട്ടർ ഫെസ്റ്റിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ബേപ്പൂർ വാട്ടർ ഫെസ്റ്റ് യഥാർത്ഥത്തിൽ ചരിത്രാന്വേഷണമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുന്നതിനിടെ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ചരിത്രപരമായ ഒട്ടേറെ പ്രത്യേക തകൾ ബേപ്പൂരിനുണ്ട്. കരയിലും വെള്ളത്തിലും ചരിത്രം അലിഞ്ഞു ചേർന്ന നാടാണിത്. പശ്ചിമേഷ്യയിൽ നിന്നുള്ള കച്ചവടക്കാർ എത്തിയിരുന്ന പ്രദേശമാണ് ബേപ്പൂർ മറീന. ഗ്രീക്ക് – റോമൻ സാഹിത്യകൃതികളിലും ഇടം നേടിയിട്ടുള്ള നാട്. 1000 ബിസിയ്ക്കും 500 എഡിയ്ക്കുമിടയിൽ ഈ പ്രദേശം സജീവമായിരുന്നു. ഹെറിറ്റേജ് പ്രോജക്ടിൻ്റെ ഭാഗമായി ബേപ്പൂരിനെ കുറിച്ച് കൂടുതൽ ഗവേഷണവും പഠനവും ആവശ്യമായി വന്നിരിക്കുകയാണ്. അവ പഠിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യണമെന്ന് സർക്കാരും ആഗ്രഹിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങളുടെ സൗഹൃദത്തിൻ്റെയും കച്ചവടത്തിൻ്റെയും പാരമ്പര്യമുള്ള നാട് എന്ന നിലയിൽ ചരിത്ര- ചരിത്രാതീത പശ്ചാത്തലത്തിൽ കാലൂന്നിയാണ് നാം വാട്ടർ ഫെസ്റ്റ് നടത്തുന്നത്. ഇവിടത്തെ ഉരു ലോക പ്രശസ്തമാണ്. ഖത്തറിൽ നടക്കാൻ പോകുന്ന ലോക ഫുട്ബോൾ ലോക കപ്പിൽ ബേപ്പൂരിലെ ഉരു പ്രദർശിപ്പിക്കുന്നു എന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

വിനോദ സഞ്ചാര മേഖലയെ കോവിഡ് ഏറെ ബാധിച്ചു. ഈ മേഖലയിൽ മാത്രം 30,000 കോടി രൂപയുടെ നഷ്ടമുണ്ടായി. വിനോദ സഞ്ചാര വികസനമാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. ഒരു പ്രദേശത്തെ ടൂറിസം വികസിക്കുമ്പോൾ ആ പ്രദേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവും മാറും. അതാണ് ഉത്തരവാദിത്ത ടൂറിസം. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിൽ ബേപ്പൂരിനെയാണ് സംസ്ഥാന സർക്കാർ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.

വിനോദ സഞ്ചാരത്തിൽ ഗതാഗത വികസനത്തിന് ഏറെ പ്രാധാന്യമുണ്ട്. ബേപ്പൂർ – ചെറൂട്ടി റോഡ് (ബി.സി റോഡ്)
നാലുവരിയാക്കുന്നതിന് അനുമതി കിട്ടിക്കഴിഞ്ഞു. മാത്തോട്ടം – പുലിമുട്ട് റോഡ് നവീകരണത്തിന് പണം അനുവദിച്ചു. വട്ടക്കിണർ റോഡ് വികസിപ്പിക്കാൻ തീരുമാനമായി. വട്ടക്കിണർ മീഞ്ചന്ത ആർട്സ് ആൻറ് സയൻസ് കോളേജിനു മുകളിലൂടെ ഫ്ലൈ ഓവറും കരുണ ഹോസ്പിറ്റൽ മുതൽ റെസ്റ്റ് ഹൗസ് വരെ പാലവും നിർമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം പണിയുന്നതു സംബന്ധിച്ച് ആലോചിക്കുകയാണ്. ഇക്കാര്യം ചർച്ച ചെയ്യാൻ കേന്ദ്ര- സംസ്ഥാന തുറമുഖ വകുപ്പു മന്ത്രിമാരുമായി ഡിസംബർ 27 ന് ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.

എം.കെ.രാഘവൻ എംപി മുഖ്യാതിഥിയായിരുന്നു. വിനോദ സഞ്ചാര വകുപ്പ് അഡീ.ചീഫ് സെക്രട്ടറി ഡോ.വി.വേണു മുഖ്യ പ്രഭാഷണം നടത്തി.
വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ വി.ആർ.കൃഷ്ണ തേജ റിപ്പോർട്ട് അവതരിപ്പിച്ചു.
കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി.മുസാഫിർ അഹമ്മദ്, ക്യാപ്റ്റൻ അഭിലാഷ് ടോമി, ജില്ലാ പോലീസ് കമ്മീഷണർ എ.വി.ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സജിത പൂക്കാടൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സബ് കലക്ടർ വി.ചെൽസ സിനി നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി സംഗീത വിരുന്നൊരുക്കിയ
നേവി ബാൻഡിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉപഹാരം നൽകി.


Reporter
the authorReporter

Leave a Reply