കോഴിക്കോട്: തകർച്ചയെ നേരിടുന്ന ഹോട്ടൽ-ബേക്കറിമേഖലയെ രക്ഷിക്കാൻ സർക്കാരിന്റെ അടിയന്തിരഇടപെടലുകളുണ്ടാകണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്‌റ്റൊറൻന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മളനം. പാചകവാതക വിലവർധനവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും മേഖലയുടെ നടുവൊടിച്ചിരിക്കുകയാണ്. കോവിഡുകാലത്തെ അടച്ചുപൂട്ടലുണ്ടാക്കിയ ആഘാതത്തിൽ നിന്ന് പതുക്കെ ചലിച്ച് തുടങ്ങുമ്പോൾ പാചകവാതകവിലവർധനവും വിലക്കയറ്റവും സ്ഥാപനങ്ങൾ പൂട്ടിയിടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ കൊണ്ടുപോകുന്നത്. മേഖലയെ ചെറുകിട വ്യവസായ ആനുകൂല്യം നൽകി സംരക്ഷിക്കണം. യാതാർഥ്യം തിരിച്ചറിഞ്ഞ് സർക്കാരിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
സമ്മേളനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഹോട്ടൽ മേഖല ഇന്ന് നിലനിൽപിനായുള്ള പോരാട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. പാചകവാതകത്തിന്റെ വിലകുറക്കുകയും വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്തില്ലെങ്കിൽ മേഖല വലിയ പ്രശ്‌നത്തിലേക്ക് നീങ്ങും. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന്
എല്ലാവിധ സഹായ സഹകരണങ്ങളുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ.സുഗുണൻ അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി രൂപേഷ് കോളിയോട്ട് (പ്രിസിഡന്റ്) യു.എസ്.സന്തോഷ്‌കുമാർ (സെക്രട്ടറി), സുമേഷ് ഗോവിന്ദ് (രക്ഷാധികാരി) ബഷീർ ചിക്കീസ് (ട്രഷറർ) ഹുമയൂൺ കബീർ (വർക്കിംങ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തിൽ ജി.ജയപാൽ, മൊയ്തീൻ കുട്ടിഹാജി, ജി.കെ.പ്രകാശ് സ്വാമി, ബിജുലാൽ, മുഹമ്മദ് സുഹൈൽ, നാസിം മുഹമ്മദ്, ഇജാസ് അഹമ്മദ്, അബ്ദുൾ റഹിമാൻ തുടങ്ങിയവർ സംസാരിച്ചു.