പത്തനംതിട്ട: ശബരിമലയിൽ തിങ്കളാഴ്ച അയ്യപ്പനെ തൊഴാൻ ഭക്തരുടെ നല്ല തിരക്കനുഭവപ്പെട്ടു. നടപ്പന്തൽ നിറഞ്ഞ ഭക്തരെ ഘട്ടംഘട്ടമായാണ് പതിനെട്ടാംപടിയിലേക്ക് കടത്തിവിട്ടത്. സോപാനത്തെ ഫ്‌ളൈഓവർ നിറഞ്ഞ് കാത്തിരിപ്പിനൊടുവിലാണ് ഭക്തർക്ക് സുഖദർശനം സാധ്യമായത്. വൈകീട്ട് അഞ്ച് മണിയോടെ സന്നിധാനത്ത് കനത്ത മഴയും ഉണ്ടായിരുന്നു. വൈകീട്ട് നട തുറക്കുന്നതിന് മുമ്പ് തന്നെ നടപ്പന്തൽ നിറഞ്ഞിരുന്നു. തിങ്കളാഴ്ച 40,695 പേർ ഓൺലൈനായി ബുക്ക് ചെയ്തിട്ടുണ്ട്. ഞായറാഴ്ച ശബരിമലയിൽ 30,117 പേർ ദർശനം നടത്തി. ഈ മണ്ഡല കാലത്ത് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് ഈ ദിവസമാണ്. ഞായറാഴ്ചത്തേക്ക് 40,620 തീർഥാടകർ വിർച്വൽ ക്യൂ വഴി ഓൺലൈൻ ബുക്കിംഗ് നടത്തിയിരുന്നു.
ഓൺലൈൻ ബുക്കിംഗ് ഏതാണ്ട് പൂർണ്ണമായെങ്കിലും സ്‌പോട്ട്ബുക്കിംഗ് വഴി ദർശനം സാധ്യമാണ്്. നിലയ്ക്കൽ ഉൾപ്പെടെ 10 കേന്ദ്രങ്ങളിലായി ദിവസം 5000 പേർക്ക് വരെ സ്‌പോട്ട് ബുക്കിംഗ് നടത്താമെങ്കിലും പ്രതിദിനം 700 ഓളം പേർ മാത്രമാണ് ഈ സംവിധാനം ഉപയോഗിച്ച് ബുക്കിംഗ് നടത്തുന്നത്.
ശബരിമലയിലെ നാളത്തെ (07.12,2021) ചടങ്ങുകൾ
പുലർച്ചെ 3.30ന് പള്ളി ഉണർത്തൽ
4 മണിക്ക് തിരുനട തുറക്കൽ
4.05ന് അഭിഷേകം
4.30ന് ഗണപതി ഹോമം
5 മണി മുതൽ 7 മണി വരെ നെയ്യഭിഷേകം
7.30ന് ഉഷപൂജ
8 മണി മുതൽ ഉദയാസ്തമന പൂജ
11.30ന് 25 കലശാഭിഷേകം
തുടർന്ന് കളഭാഭിഷേകം
12ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കൽ
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ദീപാരാധന
7 മണിക്ക് പടിപൂജ
9 മണിക്ക് അത്താഴപൂജ
9.50ന് ഹരിവരാസനം സങ്കീർത്തനം പാടി 10 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.