കൊച്ചി; ഇന്ധനവില വർദ്ധനയ്‌ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോൺഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടൻ ജോജു ജോർജ്ജ് മദ്യപിച്ചിരുന്നെന്ന ആരോപണവും പൊളിഞ്ഞു. ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി.
തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലെത്തിയാണ് താരം വൈദ്യപരിശോധനക്ക് വിധേയനായത്.ജോജുവിനെതിരെ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ഒന്ന് പ്രതിഷേധിച്ചതിന്റെ പേരിൽ കള്ളു കുടിച്ചെന്നു പറഞ്ഞ് പൊലീസ് ജീപ്പിൽ കയറി പരിശോധനയ്ക്കു പോകേണ്ടി വന്നെന്നും ഇനിയാർക്കും ഇങ്ങനെ സംഭവിക്കരുതെന്നും ജോജു പ്രതികരിച്ചു.
സമരത്തെ ചോദ്യം ചെയ്തത് രാഷ്ട്രീയം നോക്കിയല്ലെന്ന് നടൻ ജോജു ജോർജ്ജ് പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കെതിരെ അല്ല താൻ ശബ്ദമുയർത്തിയത്. തന്റെ വണ്ടിക്ക് പുറകിൽ ഉണ്ടായിരുന്നത് കീമോ ചികിത്സയ്ക്ക് കൊണ്ടുപോകുകയായിരുന്നു ഒരു രോഗിയാണ്. കേരളത്തിൽ ഹൈക്കോടതി വിധി പ്രകാരം റോഡ് ഉപരോധിക്കാൻ പാടില്ലെന്ന നിയമമുണ്ടെന്നും ജോജു പറഞ്ഞു.
പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരപരിപാടി ഒരു രാഷ്ട്രീയ പാർട്ടിയും നടത്തരുതെന്ന് പറഞ്ഞായിരുന്നു റോഡ് തടഞ്ഞ് കോൺഗ്രസ് നടത്തിയ സമരത്തെ ജോജു ചോദ്യം ചെയ്തത്. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും തനിക്കൊരാളോടും വൈരാഗ്യമില്ലെന്നും, കോൺഗ്രസുകാരെ നാണം കെടുത്താൻ പാർട്ടിയുടെ പേരും പറഞ്ഞ് കുറച്ച് പേർ ഇറങ്ങിയിരിക്കുകയാണെന്നും ജോജു ആരോപിച്ചു.
അതേസമയം മുണ്ടും മാടിക്കെട്ടി സമരക്കാർക്കുനേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോർജെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഗുണ്ടയെ പോലെയാണ് നടൻ പെരുമാറിയതെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോർജിനെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്നും സുധാകരൻ പറഞ്ഞു.
വാഹനം തകർക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജുവാണെന്നും സുധാകരൻ ന്യായീകരിച്ചു. സമരക്കാർക്കുനേരെ ചീറിപ്പാഞ്ഞതുകൊണ്ടാണ് വാഹനം തകർത്തത്. അവിടെയുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെയും ചില്ല് പൊളിഞ്ഞിട്ടില്ലല്ലോ എന്നും സുധാകരൻ ചോദിച്ചു. മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ നടപടി ഇല്ലെങ്കിൽ അതിരൂക്ഷമായ സമരം കാണേണ്ടി വരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.