Tuesday, November 28, 2023
GeneralLatest

മലബാർ കാൻസർ സെന്ററിലെ ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള പരിശോധനകൾക്ക് നിരക്ക് നിശ്ചയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ


കണ്ണൂർ :- മലബാർ കാൻസർ സെന്ററിലെ രോഗികളെ ശസ്ത്രക്രിയക്ക് മുമ്പുള്ള വിദഗ്ദ്ധ പരിശോധനക്കായി റഫർ ചെയ്യുന്ന സ്വകാര്യാശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതിയിൽ സ്വകാര്യാശുപത്രികൾ നടത്തുന്ന വിവിധ പരിശോധനകൾക്ക് സർക്കാർ നിരക്ക് നിശ്ചയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ചീഫ് സെക്രട്ടറിക്കും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്.സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കമ്മീഷൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. മലബാർ കാൻസർ സെന്ററിൽ കാർഡിയോളജി സ്പെഷ്യലിസ്റ്റും ന്യൂക്ലിയർ മെഡിസിൻ സംവിധാനവും ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനു വേണ്ടി കരാർ അടിസ്ഥാനത്തിൽ സ്വകാര്യാശുപത്രികളുടെ സേവനം ലഭ്യമാക്കാറുണ്ട്. സ്വകാര്യാശുപത്രികൾക്ക് എതിരെയുള്ള പരാതികളിൽ വകുപ്പുതലത്തിൽ നടപടി സ്വീകരിക്കാൻ കഴിയില്ല. എന്നാൽ അമിത ഫീസ് ഈടാക്കുന്ന സ്വകാര്യാശുപത്രികൾക്കെതിരെ ഉപഭോക്തൃ തർക്കപരിഹാരഫോറത്തിൽ പരാതി നൽകാം. മെഡിക്കൽ പ്രാക്ടീഷണർമാർക്കെതിരായ പരാതി മെഡിക്കൽ കuൺസിൽ ഓഫ് ഇന്ത്യക്കോ സ്റ്റേറ്റ് മെഡിക്കൽ കuൺസിലിനോ നൽകാമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യാശുപത്രികളിലെ കോവിഡ് ടെസ്റ്റ് ഒഴികെയുള്ള ചികിത്സകൾക്ക് സർക്കാർ നിരക്ക് നിശ്ചയിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പൊതു ജനങ്ങൾക്ക് സർക്കാർ ആശുപത്രികളെ സമീപിക്കുന്നതിനായി സർക്കാർ സംവിധാനം വർദ്ധിപ്പിക്കണമെന്നും പരാതിക്കാരനായ ഡോ. പ്രദീപ് കുമാർ ആവശ്യപ്പെട്ടു. ഇക്കാര്യം ആരോഗ്യവകുപ്പ് സെക്രട്ടറി പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.


Reporter
the authorReporter

Leave a Reply