Wednesday, November 29, 2023
GeneralLatest

കെ രാഘവൻ മാസ്റ്റർ പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്ക്


കോഴിക്കോട്: സംഗീത സംവിധായകൻ കെ രാഘവൻ മാസ്റ്ററുടെ ഓർമ്മ നിലനിർത്തുന്നതിന് കെപിഎസി രൂപം നൽകിയ ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർക്ക്. സംഗീത-കലാ രംഗത്ത് സമഗ്രസംഭാവന നല്കിയ സവിശേഷ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായാണ് പുരസ്കാരം ഏർപ്പെടുത്തിയത്. 50, 000 രൂപയും ശില്പവും സാക്ഷ്യപത്രവുമാണ് പുരസ്കാരം. ഗായകൻ ജി വേണുഗോപാൽ, ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ, ഗായിക ഡോ. ബി അരുന്ധതി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 2020ലെ പ്രഥമ രാഘവൻ മാസ്റ്റർ പുരസ്കാരം ശ്രീകുമാരൻ തമ്പിയ്ക്കാണ് നല്കിയത്. മലയാളികളുടെ സംഗീത സംസ്കാരത്തെ അതീവ സമൃദ്ധമാക്കി, മെലഡികളുടെ സ്നേഹപ്പൂക്കാലം തീർത്തുതന്നെ സംഗീതജ്ഞനാണ് വിദ്യാധരൻ മാസ്റ്റർ. മനുഷ്യരിലുള്ള വിശ്വാസവും ജീവിത രതിയും പ്രത്യാശകളും ആസ്വാദകമനസ്സിൽ സംഗീതം കൊണ്ട് ഊട്ടിയുറപ്പിച്ച മഹാപ്രതിഭയാണ് അദ്ദേഹം. നാടൻ ഈണങ്ങളുടെയും ശാസ്ത്രീയ സംഗീതത്തിന്റെയും ഹിന്ദുസ്ഥാനി ശൈലിയുടെയും ആത്മസത്തകൾ സൗന്ദര്യാത്മകമായി സമന്വയിപ്പിച്ച് സ്വന്തമായ ഒരു പാത വെട്ടിത്തുറന്ന സംഗീത സംവിധായകനാണ് വിദ്യാധരൻ മാസ്റ്ററെന്ന് ജൂറി വിലയിരുത്തി. നവംബർ ആദ്യവാരം തൃശൂരിൽ വെച്ച് പുരസ്കാരം സമർപ്പിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡണ്ട് വി ടി മുരളിയും സെക്രട്ടറി ടി വി ബാലനും അറിയിച്ചു.


Reporter
the authorReporter

Leave a Reply