Sunday, November 24, 2024
GeneralLocal Newspolice &crime

എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ


കോഴിക്കോട്: മലാപറമ്പിൽനിന്ന് 102.88 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. കൊടുവള്ളി പന്നിക്കോട്ടൂർ മൈലാങ്കകര സഫ്താർ ആഷ്മി (31), ബാലുശ്ശേരി മങ്ങാട് അത്തിക്കോട് റഫീഖ് (35) എന്നിവരാണ് പിടിയിലായത്. സിറ്റി നാർകോട്ടിക് അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്കോഡും ടൗൺ അസി. കമീഷണർ അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

നഗരത്തിൽ പല ഭാഗങ്ങളിലും മയക്കുമരുന്ന് ഉപയോഗവും വിൽപനയും വ്യാപകമായതിനാൽ പൊലീസ് ഒരു മാസമായി രഹസ്യനിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് പ്രതികൾ വലയിലായത്. പിടികൂടിയ ലഹരിക്ക് ചില്ലറ വിപണിയിൽ ആറു ലക്ഷത്തിൽ പരം രൂപ വിലവരും.

കോഴിക്കോട് -പുല്ലൂരാംപാറ റൂട്ടിൽ സർവിസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് സഫ്താർ ആഷ്മി. ഇയാൾ മുമ്പ് രണ്ടു തവണ 55 കിലോ കഞ്ചാവുമായി നിലമ്പൂരിൽ നിന്നും 2.5 കിലോ കഞ്ചാവുമായി കൊടുവള്ളിയിലെ വീട്ടിൽനിന്നും പിടിയിലായിരുന്നു. ഈ കേസിന്റെ വിചാരണ നടക്കവെയാണ് വീണ്ടും ലഹരിയുമായി പിടിയിലായത്.

ലോറി ഡ്രൈവറായ റഫീക്കിനെ കൂട്ടുപിടിച്ച് ആഡംബര കാറുകളിൽ നഗരത്തിന്റെ പലഭാഗങ്ങളിലും മയക്കുമരുന്ന് വിൽപന നടത്തിയ ആഷ്മിയെ തന്ത്രപൂർവ നീക്കത്തിലൂടെയാണ് പൊലീസ് വലയിലാക്കിയത്. ഡാൻസാഫ് സബ് ഇൻസ്പെക്ടർമാരായ മനോജ് ഇടയേടത്ത്, കെ. അബ്ദുറഹ്മാൻ, അനീഷ് മൂസാൻവീട്, കെ. അഖിലേഷ്, സുനോജ് കാരയിൽ, പി.കെ. സരുൺ കുമാർ, എം.കെ. ലതീഷ്, ഷിനോജ് മംഗലശ്ശേരി, എൻ.കെ. ശ്രീശാന്ത്, ഇ.വി. അതുൽ, പി. അഭിജിത്ത്, പി.കെ. ദിനീഷ്, കെ.എം. മുഹമ്മദ് മഷ്ഹൂർ എന്നിവരും നടക്കാവ് പൊലീസിലെ ലീല, ധനേഷ്, റെനീഷ്, ജിത്തു, ഷോബിക്, റഷീദ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തതത്.


Reporter
the authorReporter

Leave a Reply