കോഴിക്കോട്: സാഹിത്യകാരിയും അധ്യാപികയുമായ പ്രഷിബ ഷാജിയുടെ പ്രഥമ ചെറുകഥ സമാഹാരമായ ‘സ്വയം സംസാരിക്കുന്നവർ ‘ പുസ്തകം സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു. ഒരു പുരുഷാരത്തെ മഹാസമുദ്രത്തെ ആത്മാവിൽ വഹിക്കുന്നവരാണ് എഴുത്തുകാരെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന് സാധിക്കാവുന്ന പരമമായ പദവിയാണ് എഴുത്തുകാരൻ എന്ന പദവി. ഏറ്റവും ചെറിയ വാക്കുകൾ ഏറ്റവും കുറച്ചു പറയുക എന്ന മിതത്വമാണ് കലയുടെ ആത്മാവ്. അക്ഷരങ്ങളുടെ ലാളിത്യമാണ് രചനകൾ വായനക്കാരുടെ ആത്മാവിലേക്ക് പ്രവേശിക്കാൻ സഹായിക്കുക.യാഥാർത്ഥ്യത്തെ വെളിവാക്കേണ്ട സന്ദർഭങ്ങളിൽ എത്ര ലളിതമാക്കി പറയാമോ അത്രയും ലളിതമാക്കി പറയുമ്പോൾ ആ വാക്കുകൾക്കുള്ള ശക്തി അതിഗംഭീരമാണ്. പ്രഷിബയുടെ കഥകളിൽ ഈ ലാളിത്യവും ഹ്രസ്വതയും തെളിഞ്ഞു നിൽക്കുന്നത് കാണാം. സ്വഛസുന്ദരമായ തടാകത്തിൽ ആകാശവും മേഘങ്ങളുമെല്ലാം പ്രതിഫലിക്കുമ്പോൾ നമുക്ക് എങ്ങിനെയാണോ സൗന്ദര്യാനുഭൂതി ആത്മാവിൽ ഉണ്ടാകുന്നത് എന്നതുപോലെ സുന്ദരമായ ഭാഷയിൽ പ്രഷിബ എഴുതി വെച്ചിരിക്കുന്ന കഥാസന്ദർഭങ്ങൾ വായിക്കുമ്പോൾ നമ്മുടെ ഉള്ളിൽ ആസൗന്ദര്യാനുഭൂതി ഉണ്ടാക്കുന്നുണ്ട്. തൻ്റെ ആത്മഗതങ്ങൾ മാത്രമല്ല മറ്റുളളവരുടെ ആത്മഗതങ്ങൾ കൂടി പിടിച്ചെടുത്ത് ശുദ്ധമായ ഭാഷയിൽ കഥയിലേക്ക് ആവാഹിക്കുന്ന എഴുത്ത് രീതി എഴുത്തുകാരി സ്വായത്തമാക്കിയിട്ടുണ്ട്. ഈ സർഗാത്മഗതയുടെ വെളിച്ചത്തിൽ പ്രഷിബയുടെ രചനകൾ ഭാവിയിൽ അവർ ചെയ്യാനിരിക്കുന്ന വലിയ രചനയുടെ നിഴലാട്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ പലപ്പോഴും പ്രശംസയിലൂടെയല്ല പ്രാതികൂല്യങ്ങളിലൂടെയാണ് വളർന്നു വരേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. പയമ്പ്ര ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ വി.ബിനോയ് പുസ്തകം ഏറ്റുവാങ്ങി.
അളകാപുരിയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് കാമ്പസ് സ്കൂൾ പ്രധാന അധ്യാപകൻ ഡോ.എൻ പ്രമോദ് അധ്യക്ഷനായി.എഴുത്തുകാരൻ ശ്രീജിത്ത് ശ്രീവിഹാർ പുസ്തകം പരിചയപ്പെടുത്തി. അർഷാദ് ബത്തേരി സ്വാഗതം പറഞ്ഞു. സജീഷ് നാരായണൻ, ടി.ശശിധരൻ സംസാരിച്ചു. ഗ്രന്ഥകാരി പ്രഷിബ ഷാജി മറുമൊഴി നടത്തി. ബാഷോ ബുക്സാണ് പുസ്തക പ്രസാധകർ.