കോഴിക്കോട്:സാമൂഹിക ഐക്യത്തെ തകർക്കാനുള്ള നീക്കങ്ങളെ എഴുത്തുകാരും വായനക്കാരും ഒരുമിച്ച് എതിർക്കണമെന്നും സാഹിത്യസംഗമങ്ങൾ അതിന് ഊർജ്ജമാവണമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിക്ക് ബിനാലെ പോലെയും തിരുവനന്തപുരത്തിന് ഫിലിം ഫെസ്റ്റിവൽ പോലെയും കോഴിക്കോടിന്റെ മുഖമുദ്രയായി മാറുകയാണ് ഈ സാഹിത്യോത്സവം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് എവിടെ വായന മരിച്ചാലും കേരളത്തിൽ വായന മരിക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ച കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്, സ്വാതന്ത്ര്യമുള്ളിടത്തേ കലയും സംസ്കാരവും വളരൂ എന്ന് ചൂണ്ടിക്കാണിച്ചു. ബുക്കർ പ്രൈസ് വിജയി ഷഹാൻ കരുണത്തിലകെ, നോബൽ സമ്മാനവിജയി അഡ യോനാത്ത്, കേരള ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ, മ്യൂസിയം തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, തമിഴ്‌നാട് ധനകാര്യമന്ത്രി പളനിവേൽ ത്യാഗരാജൻ, മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ നവീൻ ചൗള ഐ എ എസ്, എം കെ രാഘവൻ എം പി, കോഴിക്കോട് കളക്ടർ ഡോ. നരസിംഹുഗരി ടി എൽ റെഡ്ഢി ഐ എ എസ്, പോപ് ഗായിക ഉഷ ഉതുപ്പ് എഴുത്തുകാരായ, സച്ചിതാനന്ദൻ, സുധാമൂർത്തി, എം മുകുന്ദൻ, കെ ആർ മീര കെ എൽ എഫ് കൺവീനർ പ്രദീപ് കുമാർ(മുൻ എം എൽ എ) എന്നിവർ പങ്കെടുത്തു.