Saturday, November 23, 2024
GeneralPolitics

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോകനേതാക്കൾ


തെരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യം കേവല ഭൂരിപക്ഷം പിന്നിട്ട് സർക്കാർ രൂപീകരിക്കുമെന്ന് വ്യക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോക നേതാക്കൾ രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയെയും എൻ ഡി എ മുന്നണിയെയും വിജയത്തിലേക്ക് നയിച്ച് മൂന്നാം തവണയും അധികാരത്തിലേറുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ എന്നാണ് വിവിധ രാജ്യങ്ങളിലെ ഭരണത്തലവൻമാർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ രാജ്യത്തെ തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയാൻ സാധിച്ചതിൽ ലോക നേതാക്കൾ ഇന്ത്യൻ ജനതയെയും അഭിനന്ദിച്ചു. മോദിയുടെ മൂന്നാം ഭരണത്തിൽ രാജ്യം കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെയെന്നും അവർ ആശംസിച്ചു.ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി, മൗറീഷ്യസ് പ്രധാനമന്ത്രി, ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ പ്രചണ്ഡ, മാലദ്വീപ് പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുയിസു, മാലദ്വീപ് വൈസ് പ്രസിഡന്‍റ് ഹുസൈൻ മുഹമ്മദ് ലത്തീഫ്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ തുടങ്ങി നിരവധി ലോക നേതാക്കളാണ് മോദിയെ അഭിനന്ദിച്ചത്. ഇന്ത്യയുമായുള്ള സൗഹൃദ ബന്ധം കൂടുതൽ മെച്ചപ്പെടാൻ മോദിയുടെ മൂന്നാം വരവിന് സാധിക്കുമെന്നാണ് ലോക നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മത്സരിച്ച എൻ ഡി എ സഖ്യം 290 സീറ്റുകൾ നേടിയാണ് സർക്കാർ രൂപീകരണം ഉറപ്പാക്കിയത്. 240 സീറ്റുകൾ സ്വന്തമാക്കിയ ബി ജെ പിയാണ് 543 അംഗ ലോക്‌ സഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി. മുന്നണിയിലെ പ്രബല കക്ഷികളായ ചന്ദ്രബാബു നായിഡുവിന്‍റെ ടി ഡി പിയുടെയും നിതീഷ് കുമാറിന്‍റെ ജെ ഡി യുവിന്‍റെയും പിന്തുണ ഉറപ്പാക്കിയതോടെയാണ് ബി ജെ പി സർക്കാർ രൂപീകരിക്കുമെന്ന് വ്യക്തമായത്.


Reporter
the authorReporter

Leave a Reply