കൊച്ചി:ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.മാധ്യമങ്ങള്‍ക്കുള്ള സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതാണ് നാലാം തൂണ് എന്ന പ്രയോഗം തന്നെ. ഇതിന്റെ അന്തസത്ത ഉള്‍കൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പാലാരിവട്ടം റിനൈ കൊളോസിയത്തിന്‍ നടന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം ജനാധിപത്യം പൗരാവകാശങ്ങള്‍ എന്നിവ ഉറപ്പു വരുത്തുന്ന നാടിനുവേണ്ടി ത്യാഗോജ്ജലമായ പ്രവര്‍ത്തനങ്ങളാണ് ആദ്യകാല പത്രപ്രവര്‍ത്തകര്‍ നടത്തിയിട്ടുള്ളത്.യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ സമൂഹ മധ്യത്തില്‍ കൊണ്ടുവരാനും അധികാരികളെ കൊണ്ട് അവ പരിഹരിച്ച് സമൂഹത്തെ മുന്നോട്ട് നയിക്കാനുമുള്ള ചുമതലയാണ് മാധ്യമങ്ങള്‍ക്കുള്ളത്.
മാധ്യമങ്ങളുടെ പ്രാരംഭ കാലവും വികാസവും ദേശീയ സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജി അടക്കമുള്ള പത്രാധിപന്‍മാര്‍ ചെയ്തത് പരിശോധിച്ചാല്‍ ഇവ ബോധ്യപ്പെടും.നിയന്ത്രണവും ജാഗ്രതയും ഉള്ള പത്രപ്രവര്‍ത്തന ശൈലിയായിരുന്നു ഇവരുടേത്. അലക്ഷ്യമായി ഒന്നും എഴുതില്ലെന്നും ദേഷ്യമോ വിദ്വേഷമോ തീര്‍ക്കാനും, വൈകാരിക വിസ്‌ഫോടനത്തിനായും പേന ചലിപ്പിക്കില്ലെന്നും ഉറപ്പ് വരുത്തിയിരുന്നു.
മാധ്യമങ്ങള്‍ ഇന്ന് മാറ്റത്തിന്റെ പാതയിലാണ് ഡിജിറ്റല്‍ മാധ്യമങളുടെ കാലത്താണ് നമ്മള്‍ ഉള്ളത്. ഓഗ്‌മെന്റെല്‍, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വാര്‍ത്തകളുടെ വിസ്മയ കാഴ്ചകള്‍ ഒരുക്കുകയാണ് വാര്‍ത്ത ചാനലുകള്‍. ഇങ്ങനെ മാറ്റങ്ങള്‍ പലതുണ്ടായാലും മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങള്‍ മാറുന്നില്ല എന്നത് കാണണം. ഇതിന്റെ അടിസ്ഥാനത്തില്‍ സമകാലിന മാധ്യമ പ്രവര്‍ത്തനത്തിന്റെ ന്യായ അന്യായങ്ങള്‍ പരിശോധിക്കണം. മാധ്യമരംഗത്തുള്ളവര്‍ ഓരോ വാര്‍ത്തയും എത്രമാത്രം ആഴത്തിലാണ് സമീപിക്കുന്നതെന്നും അവയുടെ കൃത്യമായ വിശദാംശങ്ങളിലേക്ക് കടക്കുന്നുണ്ടോ എന്നതും പരിശോധിക്കണം.
അക്ഷരത്തെറ്റും വ്യാകരണ പിശകും തിരുത്താന്‍ പോലും സമയമില്ലാത്ത രീതിയിലേക്ക് ബ്രേക്കിംഗ് ന്യൂസ് സംസ്‌കാരം വളരുന്നുണ്ട്. വിവാദങ്ങളുടെയും വികാരങ്ങളുടെയും പുറകെ പോകുമ്പോള്‍ വിവരങ്ങള്‍ പുറം തള്ളപ്പെടുന്നുണ്ടോ എന്നത് വിലയിരുത്തണം. വികസനത്തിന്റെയും ക്ഷേമത്തിന്റെയും വാര്‍ത്തകള്‍ മലയാള മാധ്യമങ്ങളില്‍ കാണാന്‍ കഴിയുന്നില്ല എന്ന ആക്ഷേപം വിലയിരുത്തണം. പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകള്‍ക്കും മുന്‍ഗണന നല്‍കണം. എല്ലാ കാര്യങ്ങളെയും വിമര്‍ശനങ്ങള്‍ക്ക് വഴി മാറുമ്പോള്‍ അംഗീകരിക്കപ്പെടേണ്ടവ തമസ്‌കരിക്കരുത്.
മാധ്യമപ്രവര്‍ത്തകള്‍ വിമര്‍ശനങ്ങള്‍ക്ക് അധീതരാണ് എന്ന കാഴ്ചപ്പാടിനെ സ്വയം വിലയിരുത്തണം. മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോഴും തെറ്റുകള്‍ ചൂണ്ടി കാണിക്കുമ്പോഴും അവയെ ക്രിയാത്മകമായി ഉള്‍കൊള്ളാന്‍ കഴിയണം. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ വ്യക്തി സ്വാതന്ത്യത്തിലേക്ക് കൈ കടത്തുന്നില്ല എന്നത് ഉറപ്പ് വരുത്തുന്നതാണ് നീതിയുക്തമായ മാധ്യമപ്രവര്‍ത്തനം എന്ന ബോധ്യമുണ്ടാകണം.വിവാദ വ്യവസായമായി മാധ്യമപ്രവര്‍ത്തനം കൂപ്പുകുത്തുന്നില്ല എന്നത് ഉറപ്പ് വരുത്തണം.
നമ്മുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലയുമുണ്ടാകുന്ന സംഭവവികാസങ്ങളെ കുറിച്ച് അര്‍ത്ഥവത്തായ സംവാദങ്ങള്‍ നടത്തി അവയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കാന്‍ കഴിയുന്ന തീരുമാനം കൈകൊള്ളാന്‍ സമ്മേളനത്തിന് കഴിയണമെന്നും,മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമയോചിതമായി പരിഹരിക്കുന്നതില്‍ ആരോഗ്യകരമായ സമീപനമാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമ പ്രവർത്തകർ ധാർമിക മൂല്യം ഉയർത്തിപിടിക്കണമെന്നും
രാജ്യത്തെ രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത ബെന്നി ബഹനാൻ എം.പി പറഞ്ഞു.അധികാര കേന്ദ്രങ്ങളിൽ നിന്ന് മാധ്യമ സംരക്ഷണം ഉണ്ടാവണം, വിമർശനം ജനാധിപത്യത്തിൻ്റെ ഭാഗമാണ്
മാധ്യമ പ്രവർത്തകർ വിമർശിക്കുമ്പോൾ അവരെ ശത്രുക്കളായി കാണേണ്ടതുണ്ടോയെന്നും അദ്ദേഹം.
ചടങ്ങില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് എം വി വിനീത അധ്യക്ഷയായി,ബെന്നി ബഹനാന്‍ എം.പി, ടി ജെ വിനോദ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സി പി ഐ ജില്ലാ സെക്രട്ടറി കെ എന്‍ ദിനകരന്‍, ബി ജെ പി സംസ്ഥാന കമ്മിറ്റിയംഗം സി ജി രാജഗോപാല്‍, റിനെ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ ക്യഷ്ണദാസ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബു, ട്രഷറര്‍ സുരേഷ് വെള്ളിമംഗലം, നിയുക്ത പ്രസിഡന്റ് കെ.പി റെജി, നിയുക്ത ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ആര്‍ ഗോപകുമാര്‍, ജനറല്‍ കണ്‍വീനര്‍ എം ഷജില്‍ കുമാര്‍, എന്നിവര്‍ പങ്കെടുത്തു.