Thursday, December 26, 2024
General

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം


തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയും സർക്കാർ കർശന നടപടികളിലേക്ക് കടക്കുകയും ചെയ്തതിനു പിന്നാലെ, അനർഹമായി പെൻഷൻ കൈപ്പറ്റുന്നത് ചൂണ്ടിക്കാട്ടി പരാതിപ്രളയം.കഴിഞ്ഞ രണ്ടുദിവസത്തിനിടെ കത്തായും ഇ-മെയിലായും നിരവധി പരാതികൾ സർക്കാരിന് ലഭിച്ചു. അനർഹമായി പെൻഷൻ കൈപ്പറ്റുന്നവരുടെ പേരുവിവരങ്ങൾ വിശദീകരിക്കുന്ന പരാതികളാണ് ലഭിക്കുന്നത്. ചില സർക്കാർ ജീവനക്കാരെ കുറിച്ചും പരാതി എത്തിയിട്ടുണ്ടെന്നാണ് വിവരം. ലഭിച്ച പരാതികൾ പരിശോധനയ്ക്കായി തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി.

അതേസമയം, ക്ഷേമപെൻഷൻ തട്ടിപ്പിൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്താൻ തീരുമാനമായി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കും. ഗുണഭോക്താക്കളായ ഓരോരുത്തരുടെയും വിവരങ്ങൾ വാർഡ് അടിസ്ഥാനത്തിൽ പരിശോധിക്കും. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽനിന്ന് ശേഖരിച്ചും പരിശോധിക്കും. ക്ഷേമപെൻഷൻ മാനദണ്ഡങ്ങളിലും പുനഃപരിശോധന നടത്താൻ സർക്കാർ ആലോചിക്കുന്നു. ഗുണഭോക്താക്കളുടെ അർഹത കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പിക്കാനും തീരുമാനമുണ്ട്.

വിഷയത്തിൽ തുടർനടപടികൾ വേഗത്തിൽ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. അനർഹമായി പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്നും കൈപ്പറ്റിയ തുക പലിശസഹിതം തിരിച്ചടപ്പിക്കുമെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അനർഹമായി പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ പേരുകൾ പുറത്തുവിടണമെന്ന ആവശ്യം പ്രതിപക്ഷം ഉൾപ്പെടെ ഉയർത്തുന്നുണ്ടെങ്കിലും തിടുക്കത്തിൽ വേണ്ടെന്ന നിലപാടിലാണ് സർക്കാർ. തൽക്കാലം പേരുവിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്നും ആവശ്യമെങ്കിൽ ആലോചിക്കാമെന്നുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

ജീവനക്കാരുടെ പേരുകൾ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സര്‍വിസില്‍ തുടരവെ സമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്ത് നല്‍കി. അല്ലാത്തപക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്റ്റംബറിൽ സി.എ.ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു.

പരിഹാര നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് 2022 മെയ് മാസത്തില്‍ സര്‍ക്കാര്‍ സി.എ.ജിയെ അറിയിച്ചിരുന്നതുമാണ്. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അത്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറഞ്ഞു. സര്‍ക്കാര്‍ ശമ്പള സോഫ്റ്റ് വെയറായ സ്പാര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സോഫ്റ്റ് വെയറായ സേവനയും ഒത്തുനോക്കിയാല്‍ തന്നെ തട്ടിപ്പ് കണ്ടെത്താമായിരുന്നു. എന്നിട്ടും വിലപ്പെട്ട രണ്ടുവര്‍ഷമാണ് സര്‍ക്കാര്‍ പാഴാക്കിയത്.

ക്രമക്കേട് പുറത്തുവന്നത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തെ ബാധിക്കരുത്. പെന്‍ഷന്‍ കുടിശ്ശിക അടക്കം ഉടന്‍ കൊടുത്തു തീര്‍ക്കണം. സർക്കാർ ജീവനക്കാരെ ആകെ അധിക്ഷേപിക്കുന്ന സ്ഥിതിയുണ്ടാകാൻ പാടില്ലെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി


Reporter
the authorReporter

Leave a Reply