GeneralLocal News

കോഴിക്കോട് കോർപറേഷനിലെ മാലിന്യ സംസ്കരണം;സോണ്ട കമ്പനിയുമായുള്ള വേസ്റ്റ് ടു എനർജി പ്ലാന്‍റ് കരാർ റദ്ദാക്കി


കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യ സംസ്കരണത്തിന് സോണ്ട കമ്പനിയുമായുള്ള വേസ്റ്റ് ടു എനർജി പ്ലാന്‍റ് കരാറും അതോടൊപ്പമുള്ള കോർപറേഷന്‍റെ മറ്റു കരാറും റദ്ദാക്കി. പകരം പൊതുമേഖല സ്ഥാപനമായ ബി.പി.സി.എല്ലുമായി ചേർന്ന് പുതി‍യ പദ്ധതി നടപ്പാക്കാനും ധാരണയായി. ബുധനാഴ്ച തിരുവനന്തപുരത്ത് തദ്ദേശ മന്ത്രി എം.ബി. രാജേഷുമായി കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് നടത്തിയ ചർച്ചയിലാണ് തീരുമാനം.

മാലിന്യ സംസ്കരണത്തിന് സോണ്ട കമ്പനിയുമായുള്ള കറാർ റദ്ദാക്കാനും ശാശ്വത മാലിന്യ സംസ്കരണ പദ്ധതിക്ക് ബി.പി.സി.എലുമായി കരാറുണ്ടാക്കാനും കൗൺസിൽ നേരത്തേ നിർദേശിച്ചിരുന്നു. ബി.പി.സി.എല്ലുമായുള്ള ചേർന്നുള്ള പദ്ധതി വേഗത്തിൽ നടപ്പാക്കാനായി അടുത്ത ദിവസം തന്നെ പ്രത്യേക യോഗം ചേരും. ഇപ്പോൾ ഞെളിയൻ പറമ്പിൽ നടന്നുവരുന്ന കോർപറേഷൻ നേതൃത്വത്തിലുള്ള ജൈവമാലിന്യ സംസ്കരണ വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെ പദ്ധതിക്ക് പുറമേയാണ് ബി.പി.സിഎല്ലുമായി ചേർന്ന് പദ്ധതി നടപ്പാക്കുക.

സരോവരത്തെ സീവേജ് ട്രീറ്റ്മെൻറ് പ്ലാന്‍റും വെസ്റ്റ് ഹില്ലിലെ സീവേജ് ട്രീറ്റ്മെൻറ് പ്ലാന്‍റും വേഗത്തിൽ ആരംഭിക്കുന്നതിന് സർക്കാറിന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും മന്ത്രി ഉറപ്പുനൽകിയതായും മേയർ അറിയിച്ചു. കൂടാതെ കോർപറേഷൻ ഓഫിസിലെ തസ്തികകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിന് നടപടി സ്വീകരിക്കുന്നതിനുള്ള കോർപറേഷൻ കൗൺസിലിന്‍റെ ആവശ്യപ്രകാരമുള്ള ഒഴിവുകൾ നികത്തുന്നതിന് ആവശ്യമായ നടപടി ഒരാഴ്ചക്കകം സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

മെഡിക്കൽ കോളജ് ബസ് ടെർമിനൽ, പാർക്കിങ് പ്ലാസ തുടങ്ങിയ പദ്ധതികൾ ആരംഭിക്കുന്നതിന് ആവശ്യമായ സർക്കാർ തീരുമാനങ്ങൾ എത്രയും വേഗം പൂർത്തീകരിച്ച് പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും ഇന്നത്തെ ചർച്ചയിൽ മന്ത്രി ഉറപ്പുനൽകി. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി. ദിവാകരൻ, മരാമത്ത് സ്ഥിരം സമിതി ചെയർമാൻ പി.സി. രാജൻ, നികുതി അപ്പീൽ സ്ഥിരം സമിതി ചെയർമാൻ പി.കെ. നാസർ, കോർപറേഷൻ അഡീഷനൽ സെക്രട്ടറി ഷെറി തുടങ്ങിയവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

കോർപറേഷന്റെ വികസനവുമായി ബന്ധപ്പെട്ട മറ്റു പ്രധാന പ്രശ്നങ്ങളും ആവശ്യങ്ങളും പ്രത്യേകം ചർച്ച ചെയ്യുന്നതിനായി ജനുവരി ആദ്യവാരം കോർപറേഷൻ പ്രതിനിധികളുമായി തിരുവനന്തപുരത്ത് യോഗം വിളിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിതായും മേയർ കൂട്ടിച്ചേർത്തു.


Reporter
the authorReporter

Leave a Reply