കോഴിക്കോട്: കേന്ദ്രമന്ത്രിയായി അവരോധിതനായ ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ
കേന്ദ്ര ന്യൂനപക്ഷ ക്ഷേമ, ഫിഷറീസ് മന്ത്രി ജോര്‍ജ്ജ് കുര്യന് ബിജെപി ജില്ലാകമ്മറ്റി സ്വീകരണം നല്‍കി. മാരാര്‍ജി ഭവനിലെത്തിയ കേന്ദ്രമന്ത്രിയെ തിലകം ചാര്‍ത്തി സ്വീകരിച്ചു. കെ.ജി മാരാരുടെ പ്രതിമയില്‍ പുഷ്പഹാരം ചാര്‍ത്തിയ ശേഷം നടന്ന സ്വീകരണ പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍ അദ്ധ്യക്ഷത വഹിച്ചു.
അധികാരത്തെക്കുറിച്ച് സ്വപ്‌നം കാണാന്‍ കഴിയാത്ത കാലത്ത് പാര്‍ട്ടിയിലെത്തിയ ജോര്‍ജ്ജ് കുര്യന്റെ സ്ഥാനലബ്ധി യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകന് ലഭിച്ച അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയില്‍ നിന്ന് ഒരു കത്തോലിക്ക വിശ്വാസിയായ ജോര്‍ജ്ജ് കുര്യന്‍ ബിജെപിയില്‍ എത്തിയപ്പോള്‍ ഏറെ പരിഹാസങ്ങളും അവഗണനകളും ഏറ്റുവാങ്ങി. ഒരു സാധാരണ പ്രവര്‍ത്തകനായി അതിസാധാരണ നിലയിലേക്ക് ഉയര്‍ന്ന ജോര്‍ജ്ജ് കുര്യന്‍ ഓരോ സാധാരണ പ്രവര്‍ത്തകന്റെയും അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജന്‍മഭൂമി ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ച് രചിച്ച 3.0 രാഷ്ട്രീയചരിത്രം മൂന്നാംകണ്ണിലൂടെ എന്ന പുസ്തകം ജോര്‍ജ്ജ് കുര്യന്‍ പ്രകാശനം ചെയ്തു. താന്‍ ദീര്‍ഘനേരം പ്രസംഗിക്കുന്നയാളല്ലെന്നും സ്വീകരണത്തിന് നന്ദി പറഞ്ഞ് ജോര്‍ജ്ജ് കുര്യന്‍ മറുപടി ഏതാനും വാക്കുകളില്‍ ചുരുക്കി.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, ദേശീയ കൗണ്‍സില്‍ അംഗം കെ.പി.ശ്രീശന്‍ മാസ്റ്റര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജന്‍, സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു, മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജില്ല സഹപ്രഭാരി കെ.നാരായണന്‍, ഒ.ബി.സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി.രാധാകൃഷ്ണന്‍, ജില്ല ജനറല്‍ സെക്രട്ടറിമാരായ എം.മോഹനന്‍, ഇ.പ്രശാന്ത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
ഉച്ചയോടെ മാറാട് എത്തിയ കേന്ദ്രമന്ത്രിയെ അരയസമാജം പ്രവര്‍ത്തകര്‍ സ്വീകരിച്ചു.മാറാട് ബലിദാനികളുടെ ചായാ ഛിത്രത്തിനു മുന്നില്‍ മന്ത്രി പുഷ്പാര്‍ച്ചന നടത്തി.മത്സ്യതൊഴിലാളികളുടെ ഏറെ കാലത്തെ ആവശ്യമായ മാറാട് മിനി ഹാര്‍ബര്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായ് അനുഭാവപുര്‍വ്വമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബി ജെ പിയുടെ പൂര്‍വ്വകാല മുതിര്‍ന്ന നേതാവ് അഹല്യ ശങ്കറിനെ വസതിയിലെത്തി മന്ത്രി ആദരിച്ചു. പുതിയാപ്പയില്‍ സംഘടിപ്പിച്ച മത്സ്യ പ്രവര്‍ത്തക സംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്തു. വൈകീട്ട് ആറരയോടെ ജന്‍മഭൂമി സുവര്‍ണ്ണജയന്തി ആഘോഷത്തടോനുബന്ധിച്ച് ബിസിനസ് സംഗമത്തില്‍ പങ്കെടുത്തു.