കോഴിക്കോട്:തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എൻ. ജെ വിപിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന 32കാരനിലാണ് ഹൃദയം മിടിക്കുക. വയനാട് ചുങ്കത്തറ കോട്ടനാട് നെല്ലിക്കുന്നേൽ വീട്ടിൽ എൻ. ജെ വിപിൻ (41)ഹൃദയം ഉള്‍പ്പടെയുള്ള ആറ് അ വയങ്ങളാണ് ദാനം ചെയ്തത്.
ഹൃദയം, കരൾ, രണ്ട് വൃക്കകള്‍, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ രോഗികൾക്കും ഒരു വൃക്ക കോഴിക്കോട് മിംസ് ആശുപത്രിയിലെ രോഗിയ്ക്കും രണ്ട് നേത്ര പടലങ്ങൾ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ രോഗികൾക്കുമാണ് നല്‍കിയത്. പുതുവർഷത്തിൽ സംസ്ഥാനത്ത് നടന്ന ആദ്യ മരണാനന്തര അവയവദാനമാണിത്.
തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. വിപിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. അവയവ വിന്യാസം വേഗത്തിലാക്കിയ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ സോട്ടോ), പോലീസ് സേന, ജില്ലാ ഭരണകൂടങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയ എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.കെ- സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.
നാട്ടിൽ ബിസിനസും കൃഷിയും നടത്തിവരികയായിരുന്ന വിപിനെ 2025 ഡിസംബർ 30-നാണ് സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മേയ്ത്ര ആശുപത്രിയിലും എത്തിക്കുകയിരുന്നു. തുടർന്ന് 2026 ജനുവരി മൂന്നിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. എൻ. ഡി ജോയിടെയും (ലേറ്റ്) ആനീസ് ജോയിയുടെയും മകനാണ് വിപിൻ. ഭാര്യ: വീണാ വിപിൻ. മക്കൾ: നിതാൻ, നിതാനിയ, നിതാന. സഹോദരങ്ങൾ: എൻ. ജെ നവീൻ, വിനീത ജോയ്.










