വിലങ്ങാട്: മലയോരത്തെ പിടിച്ചുകുലുക്കിയ ഉരുൾപൊട്ടലിൽ അശാസ്ത്രീയമായ പാലങ്ങളുടെ നിർമാണം നാശനഷ്ടം ഇരട്ടിക്കാനിടയാക്കി. എട്ടു പാലങ്ങളാണ് മേഖലയിൽ തകർന്നത്. നാല് പാലങ്ങൾ പൂർണമായും ഉരുളെടുത്തു. മുച്ചങ്കയം, മഞ്ഞച്ചീളി, വായാട്, വിലങ്ങാട് ടൗൺപാലം, ഉരുട്ടി പാലം അപ്രോച്ച്, മഞ്ഞച്ചീളി ചെറിയചീളി, ഉരുട്ടി മുണ്ടോങ്കണ്ടം അപ്രോച്ച് തുടങ്ങിയ പാലങ്ങളാണ് തകർന്നത്. പാലങ്ങളുടെ ഉയരക്കുറവ്, അപ്രോച്ച് റോഡുകളുടെ അഭാവം, വീതിക്കുറവ് എന്നിവ ഇരച്ചെത്തിയ വെള്ളത്തിന് കടന്നുപോകാൻ കഴിയാതെവന്നതാണ് പാലങ്ങളുടെയും പ്രധാന റോഡുകളുടെതടക്കമുള്ള തകർച്ചക്കിടയാക്കിയത്. വിലങ്ങാട് ടൗണിനോട് ചേർന്ന പാലം ഉയർത്തി അപ്രോച്ച് റോഡ് നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വർഷംതോറും പാലത്തിൽ വെള്ളം കയറിയുള്ള നാശനഷ്ടം പതിവാണ്. പാലത്തിന്റെ ഉയരക്കുറവ് കടകളുടെ പിൻഭാഗം പൂർണമായും പുഴയെടുക്കുകയുണ്ടായി. കോൺക്രീറ്റ് ഭിത്തികൾക്ക് പകരം കരിങ്കല്ലുകൾകൊണ്ട് കെട്ടി ഉയർത്തിയതാണ് തകർച്ചക്കിടയാക്കിയത്.
വിലങ്ങാട് സെന്റ് ജോർജ് പള്ളിക്ക് മുൻവശത്ത് ലക്ഷങ്ങൾ ചെലവിട്ട് ഒരു വർഷം മുമ്പ് കെട്ടിയ റോഡിനോട് ചേർന്ന ഭാഗമാണ് തകർന്നത്. ഈ ഭാഗങ്ങളിലും കോൺക്രീറ്റ് ചെയ്ത് കെട്ടിപ്പൊക്കുന്നതിന് പകരം കരിങ്കല്ല് ഉപയോഗിച്ചുള്ള സാധാരണ നിർമാണമാണ് നടത്തിയത്. ഇവിടങ്ങളിൽ സംരക്ഷണ ഭിത്തി പുനർനിർമിക്കുമ്പോൾ കോൺക്രീറ്റ് ഭിത്തി നിർമിച്ചാലേ ശാശ്വത പരിഹാരമാവുകയുള്ളൂ. സ്ഥലത്തിന്റെ ഘടന മനസ്സിലാക്കാതെ എസ്റ്റിമേറ്റ് എടുത്ത് നിർമാണങ്ങൾ നടത്തുന്നതാണ് ദീർഘകാലം നിലനിൽക്കേണ്ട പാലങ്ങളും റോഡുകളും തകരാനിടയാക്കിയതെന്ന് ആക്ഷേപമുണ്ട്.
മഞ്ഞച്ചീളിയിൽനിന്ന് പടിഞ്ഞാറ് മാറി 15 വീടുകളിലേക്കുള്ള റോഡ് പൂർണമായും ഒഴുകിപ്പോയതിനാൽ കുടുംബങ്ങൾക്ക് വീടുകളിലേക്ക് എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയാണ്. ഇതിന് ശാശ്വത പരിഹാരം അത്യാവശ്യമാണ്. പാനോം വനമേഖലയോട് ചേർന്ന് കിടക്കുന്നവരെ വിലങ്ങാട് കെ.എസ്.ഇ.ബി റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയാൽ പുറംലോകവുമായി ബന്ധിപ്പിക്കാൻ കഴിയും. ഒലിച്ചുപോയ മുച്ചങ്കയം പാലത്തിന് പകരം പുതിയ പാലം നിർമിക്കുന്നതിന് മുമ്പ് ഇരുമ്പ് പാലമെങ്കിലും സജ്ജമാക്കിയാലേ കോളനി വാസികൾക്ക് ടൗണുകളിൽ എത്തിച്ചേരാൻ കഴിയുകയുള്ളൂ. നിലവിൽ താൽക്കാലിക പാലം പണിതിട്ടുണ്ടെങ്കിലും കുത്തിയൊലിക്കുന്ന പുഴയിൽ അപകടം പതിയിരിക്കുന്നതിനാൽ ശാശ്വത പരിഹാരമല്ല.