കാസര്‍കോട്: ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത നേരിട്ട അധ്യാപിക ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് കള്ളാര്‍ അടോട്ടുകയ ഗവ. വെല്‍ഫയര്‍ എല്‍പി സ്‌കൂള്‍ അധ്യാപിക സി മാധവി (47) ആണ് മരിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനിടെയായിരുന്നു സംഭവം. മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് കണക്ക് പഠിപ്പിക്കുന്നതിനിടെ ശ്വാസതടസം നേരിട്ടു. തുടര്‍ന്ന് കുട്ടികളോട് സുഖമില്ലെന്ന് പറഞ്ഞ് ക്ലാസ് നിര്‍ത്തി വച്ചു. ശാരീരിക അസ്വസ്ഥത നേരിട്ട സമയത്ത് അധ്യാപിക വീട്ടില്‍ തനിച്ചായിരുന്നു.
ക്ലാസ് തുടങ്ങി ഏതാനും മിനിറ്റ് കഴിഞ്ഞപ്പോള്‍ ഇടയ്ക്ക് ടീച്ചര്‍ ഒന്ന് ചുമച്ചു. എന്ത് പറ്റിയെന്ന് കുട്ടികള്‍ അന്വേഷിച്ചു. ‘ ഓ, അതൊന്നും സാരമില്ല, തണുപ്പടിച്ചതിന്‍റെയാ… ” എന്നായിരുന്നു ടീച്ചര്‍ പറഞ്ഞത്. ” ചുമയുണ്ട്, മക്കളെ, ശ്വാസം മുട്ടും. ബാക്കി നമ്മക്ക് അടുത്ത ക്ലാസിലെടുക്കാം…” എന്ന് പറഞ്ഞ് ടീച്ചര്‍ ക്ലാസവസാനിപ്പിച്ചു. തുടര്‍ന്ന് മൂന്നാം ക്ലാസിലെ തന്‍റെ വിദ്യാര്‍ത്ഥികള്‍ക്ക് ഹോം വര്‍ക്കും നല്‍കി ക്ലാസവസാനിപ്പിച്ച ടീച്ചര്‍, അതേ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
സഹോദരന്‍റെ മകന്‍ രതീഷിനോട് നേരത്തെ ദേഹാസ്വാസ്ഥ്യം തോന്നുന്നതായി ടീച്ചര്‍ പറഞ്ഞിരുന്നു. രതീഷ് വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ കസേരയില്‍ നിന്നും താഴെ വീണുകിടക്കുന്ന മാധവി ടീച്ചറെയാണ് കണ്ടത്. ഉടനെ പൂടങ്കല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭര്‍ത്താവ് പരേതനായ ടി ബാബു.
സി.മാധവി എന്ന അധ്യാപിക ഓൺലൈൻ ക്‌ളാസിനിടെ പതിവില്ലാതെ വിദ്യാർത്ഥികളോട് പറഞ്ഞ വാചകം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് വായിക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നു എന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. “ചുമയുള്ളതിനാൽ ബാക്കി അടുത്ത ക്‌ളാസിലെടുക്കാം എന്ന് പറഞ്ഞ് ഹോംവർക്കും നൽകിയ ശേഷമാണ് മാധവി ടീച്ചർ ക്‌ളാസെടുക്കുന്നത് അവസാനിപ്പിച്ചതത്രെ.
മാധവി ടീച്ചർ ഇന്ന് നമ്മോടൊപ്പം ഇല്ല. ആ ക്‌ളാസിന് പിന്നാലെ വിട പറഞ്ഞു. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ടീച്ചർ ആയിരുന്നു എന്നാണ് മനസിലാക്കുന്നത്. മാധവി ടീച്ചർക്ക് ആദരാഞ്ജലികൾ,” മന്ത്രി കുറിച്ചു……