വിലങ്ങാട്: ഉരുൾപൊട്ടൽ ദുരന്തം നടന്ന് മാസം ഒന്നു പിന്നിട്ടെങ്കിലും പുഴയിൽ അടിഞ്ഞു കൂടിയ മരങ്ങളും അവശിഷ്ടങ്ങളും ഇനിയും നീക്കിയില്ല. നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാരും കലക്ടറും നാട്ടുകാർക്ക് ഉറപ്പു നൽകിയതാണെങ്കിലും ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. മഞ്ഞച്ചീളി, അടിച്ചിപ്പാറ, വലിയ പാനോം, മലയങ്ങാട്, കുറ്റല്ലൂർ, മഞ്ഞക്കുന്ന്, പറമ്പടി ഭാഗത്തു നിന്നെല്ലാം മരങ്ങൾ കടപുഴകി പുഴയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. റോഡിൽ പലയിടങ്ങളിലും തടസ്സം സൃഷ്ടിച്ച മരങ്ങൾ നാട്ടുകാരായ ലോഡിങ് തൊഴിലാളികൾ മുറിച്ചു മാറ്റി.
എന്നാൽ, പുഴയിലെ മരങ്ങൾ ആരുടേതെന്നു പോലും വ്യക്തതയില്ലാത്തതിനാൽ ആരും നീക്കം ചെയ്യാതെ കിടക്കുകയാണ്. മഴ ഇടയ്ക്കിടെ പെയ്യുന്നതിനിടയിൽ ഈ മരങ്ങളിൽ തട്ടി വെള്ളമൊഴുക്കു നിലയ്ക്കുന്നു. ഇതിനിടയിൽ റോഡിന്റെയും പുഴയുടെയുമെല്ലാം പാർശ്വഭിത്തി തകരുന്നതും പതിവായിട്ടുണ്ട്.