Tuesday, May 14, 2024
Politics

അനാവശ്യ നിയന്ത്രണങ്ങൾ വോട്ടർമാരെ പോളിങ് ബൂത്തുകളിൽ നിന്നും അകറ്റുകയാണ്: എം.ടി. രമേശ്‌


കോഴിക്കോട്: ഇലക്ഷൻ ദിവസം പല സ്ഥലത്തും ഉണ്ടായ അനാവശ്യ നിയന്ത്രണങ്ങളും അനാവശ്യമായിട്ടുള്ള നിർബന്ധബുദ്ധികളും ഒട്ടും പ്രായോഗികമല്ലാത്ത തീരുമാനങ്ങളും വോട്ടർമാരേ പോളിങ് ബൂത്തുകളിൽ നിന്നും അകറ്റിനിർത്താൻ ശ്രമിക്കുന്ന സമ്പ്രദായമാണ് ഉണ്ടാക്കിയതെന്ന് കോഴിക്കോട് ലോക്സഭാ എൻഡിഎ സ്ഥാനാർഥി എം.ടി. രമേശ്‌ മാരാർജി ഭവനിൽ മാധ്യമങ്ങളോട് പറഞ്ഞു. നിയന്ത്രണങ്ങളാവാം പക്ഷേ നിയന്ത്രണങ്ങൾ ആളുകളെ നിരുത്സാഹപ്പെടുത്തരുത്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പോലും അനാവശ്യ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഇത്തരം നിയന്ത്രണങ്ങൾ നമ്മുടെ ജനാധിപത്യ സംവിധാനത്തെയും വോട്ടിങ് സമ്പ്രദായത്തെയും ഗുണപരമായി പ്രോത്സാഹിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുണ്ടായ ഇത്തരം അനാവശ്യ നിയന്ത്രണങ്ങൾ തെരഞ്ഞെടുപ്പ് വൈകാനും കാരണമായി.
ഓപ്പൺ വോട്ടുമായി ഉണ്ടായത് അനാവശ്യ വിവാദങ്ങളാണ്. ഓപ്പൺ വോട്ടിന് വരുന്നവർ സ്വമേധയാ നൽകുന്ന പ്രഖ്യാപനം അംഗീകരിക്കുകയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചെയ്യേണ്ടത്. അല്ലാതെ പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതുപോലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോ പ്രിസൈഡിങ് ഓഫീസർമാരൊ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ പല സ്ഥലങ്ങളിലും വലിയ ചോദ്യം ചെയ്യലിനും വിധേയമാകേണ്ട സ്ഥിതി വോട്ടർമാർക്ക് ഉണ്ടായത് പോളിങ് വൈകാൻ കാരണമായി.

കൂടാതെ ഒരു മിനിറ്റ് കൊണ്ട് പൂർത്തിയാക്കേണ്ട വോട്ട് രേഖപ്പെടുത്തൽ പ്രക്രിയ നാലു മിനിറ്റ് വരെ നീണ്ടതും പോളിങ് വൈകിപ്പിച്ചു. അതേസമയം തെരഞ്ഞെടുപ്പ് യഥാർത്ഥ അജണ്ടയെ ബോധപൂർവ്വം മാറ്റാനുള്ള ശ്രമം കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലുണ്ടായി. ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ട മോദിയുടെ ഗ്യാരണ്ടിയാണ്. എന്നാൽ ആ ഗ്യാരണ്ടിയെ അട്ടിമറിക്കാൻ മറ്റു പല വിവാദങ്ങളും ഉണ്ടാക്കി യഥാർത്ഥ അജണ്ടയെ അട്ടിമറിക്കാനുള്ള ബോധപൂർവ്വ ശ്രമം ഉണ്ടായി. അതിനെ അതിജീവിച്ചാണ് ദേശീയ ജനാധിപത്യ സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. നല്ല ആത്മവിശ്വാസം കേരളത്തിലുടനീളമുണ്ട്. കോഴിക്കോട്ടെയും ജനങ്ങൾ മോദിക്ക് തന്നെയാണ് വോട്ട് രേഖപ്പെടുത്തിയത് അതിന്റെ ഫലം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

കനത്ത ചൂടിലും പ്രതികൂല സാഹചര്യത്തിലും തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിച്ച എല്ലാ വോട്ടർമാർക്കും സഹകരിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അഭിനന്ദനാർഹരാണെന്ന് എം.ടി. രമേശ് കൂട്ടിച്ചേർത്തു.


Reporter
the authorReporter

Leave a Reply