കൂടരഞ്ഞി: അജ്ഞാത വന്യജീവിയുടെ സാന്നിധ്യത്തിൽ ഭീതിയകലാതെ കൂടരഞ്ഞി പഞ്ചായത്തിലെ രണ്ട് വാർഡുകൾ. പഞ്ചായത്തിലെ പനക്കച്ചാൽ, മഞ്ഞക്കടവ് വാർഡുകളിലെ നാട്ടുകാരും കർഷകരുമാണ് ആശങ്കയോടെ കഴിയുന്നത്. പനക്കച്ചാൽ വാർഡിലെ കൂരിയോടും മഞ്ഞകടവ് വാർഡിലെ പെരുമ്പൂളയിലുമാണ് വന്യജീവി ആക്രമണ ഭീഷണിനിലനിൽക്കുന്നത്.
പ്രദേശത്ത് പുലി സാന്നിധ്യമുള്ളതായി വനംവകുപ്പ് ഒരാഴ്ച മുമ്പ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, അത് പുലിയല്ല, കടുവയാണെന്നാണ് നാട്ടുകാർ ഉറപ്പിച്ച് പറയുന്നത്. ആടുകളെ മേക്കവെ വന്യജീവിയെ കണ്ട് ഭയന്നോടി വീണ് പരിക്കേറ്റ വീട്ടമ്മ ഉൾപ്പെടെയുള്ളവരാണ് പ്രദേശത്ത് കടുവയുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നത്. അതേസമയം, വനം വകുപ്പ് അധികൃതർ കടുവ സാന്നിധ്യം സ്ഥിരീകരിക്കുന്നില്ല.
പ്രദേശത്തുനിന്ന് ആടുകളും നായും അപ്രത്യക്ഷമായിട്ട് മൂന്നാഴ്ചയോളമായി. ചോരപ്പാടുകളും കണ്ടെത്തിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ജനുവരി നാലിന് പുലിയെ പിടികൂടാൻ വനംവകുപ്പ് കൂരിയോട് കൂട് സ്ഥാപിച്ചിരുന്നു. കർഷക കോൺഗ്രസ് കൂമ്പാറയിലെ ഫോറസ്റ്റ് സെക്ഷൻ ഓഫിസ് ഉപരോധിച്ചതിനെ തുടർന്നാണ് കൂടിനകത്ത് നായെ ഇരയായി കെട്ടാൻ അധികൃതർ പിന്നീട് തയാറായത്. ഇതിനിടെ, കഴിഞ്ഞ ദിവസം പെരുമ്പൂളയിൽ കേഴമാനിന്റെ അസ്ഥികൾ കണ്ടെത്തിയതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കൂരിയോട്, ചുള്ളിയകം, പെരുമ്പൂള എന്നിവടങ്ങളിലായി മൂന്ന് നിരീക്ഷണ കാമറകളും വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. നാട്ടുകാരുടെ ആശങ്ക പരിഹരിക്കാൻ ഫലപ്രദമായ നടപടി വേണമെന്ന് പനക്കച്ചാൽ വാർഡ് അംഗം ജോണി വാളി പ്ലാക്കൽ ആവശ്യപ്പെട്ടു.