General

ഉമ തോമസ് വെന്‍റിലേറ്ററിൽ തുടരും; ആരോഗ്യനിലയിൽ നേരിയ പുരോഗതി

Nano News

കൊച്ചി: ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും എന്നാൽ, വെന്‍റിലേറ്ററിൽ തുടരേണ്ടതുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുന്ന അവസ്ഥയുള്ളതിനാൽ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും നിരീക്ഷണം തുടരേണ്ടതുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. ഉമ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി ചേര്‍ന്ന സംയുക്ത മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനുശേഷമാണ് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.

തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിൽ തന്നെ തുടരുന്ന ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും എന്നിരുന്നാലും ശ്വാസകോശത്തിനേറ്റ് ചതവും ക്ഷതവും മൂലം ശ്വാസകോശത്തിന് പുറത്ത് വെളളം കെട്ടുന്ന റിയാക്റ്റീവ് പ്ലൂറൽ എഫ്യൂഷൻ എന്ന അവസ്ഥ ഉടലെടുത്തിട്ടുണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്.

ഇതിൽ അത്യന്തം ആശങ്കപ്പെടേണ്ടതില്ലെങ്കിൽ കൂടി കൃത്യമായ നിരീക്ഷണവും ചികിത്സയും വേണ്ടി വന്നേക്കാമെന്ന് റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. വെന്‍റിലേറ്ററിൽ നിന്നും മാറ്റാനുള്ള ശ്രമം തുടരുകയാണ്. സർക്കാർ നിയോഗിച്ച ഡോക്ടർ ജയകുമാറിന്‍റെ നേതൃത്വത്തിൽ കാർഡിയോവാസ്കുലാർ, ന്യൂറോളജി, പൾമണോളജി വിഭാഗത്തിലെ വിദഗ്ധർ ഉൾപ്പെടുന്ന സംഘം ഇന്ന് റിനൈ മെഡിസിറ്റിയിലെത്തി ചികിത്സാസംഘവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം രോഗിയെ സന്ദർശിച്ച് മടങ്ങി. നൽകിക്കൊണ്ടിരിക്കുന്ന ചികിത്സയിലും രോഗിക്ക് ഉണ്ടായിട്ടുള്ള പെട്ടെന്നുള്ള പുരോഗതിയിലും പ്രസ്തുതസംഘം സംതൃപ്തി രേഖപ്പെടുത്തിയെന്നും കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.


Reporter
the authorReporter

Leave a Reply