Monday, November 4, 2024
Latest

ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി, പവര്‍ @ 2047” ആഘോഷ പരിപാടികള്‍ സമാപിച്ചു


കോഴിക്കോട്:ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ഊര്‍ജ മന്ത്രാലയം കേരള സര്‍ക്കാരുമായി സഹകരിച്ച് നടത്തിയ ‘ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി, പവര്‍ @ 2047’ ആഘോഷ പരിപാടികള്‍ സമാപിച്ചു. രാജ്യത്തെ നൂറോളം കേന്ദ്രങ്ങളിലായി നടത്തിയ പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വൈദ്യുതി വകുപ്പ് മന്ത്രി രാജ്കുമാര്‍ സിഗും ഓണ്‍ലൈനായി പങ്കെടുത്തു. ചടങ്ങില്‍ ആര്‍.ഡി.എസ്.എസ് സ്‌കീം, സോളാര്‍ റൂഫ് ടോപ് പോര്‍ട്ടല്‍ എന്നിവയുടെ ഉദ്ഘാടനവും എന്‍.ടി.പി.സിയുടെ ഗ്രീന്‍ എനര്‍ജി പദ്ധതികളുടെ സമര്‍പ്പണവും പ്രധാനമന്ത്രി നിര്‍വഹിച്ചു. കേരളത്തിലെയും തെലങ്കാനയിലെയും ഓരോ ഫ്‌ലോട്ടിങ് സോളാര്‍ പവര്‍ പ്രോജക്ടുകളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. പരിപാടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വൈദ്യുതി മേഖലയിലെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായും അദ്ദേഹം സംവദിച്ചു.

സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം തികയുന്ന 2047 ല്‍ ഊര്‍ജ്ജ മേഖലയില്‍ രാജ്യത്തിന്റെ കാഴ്ച്ചപ്പാട് ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി, പവര്‍ @ 2047’ എന്ന പേരില്‍ ജൂലായ് 25 മുതല്‍ പരിപാടികള്‍ സംഘടിപ്പിച്ചത്. വൈദ്യുതി, പുനരുപയോഗ ഊര്‍ജ മേഖലകളിലെ നേട്ടങ്ങള്‍ എന്നിവ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി രാജ്യത്തെ 773 ജില്ലകളിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. വൈദ്യുതി മേഖലയില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കൈവരിച്ച പ്രധാന നേട്ടങ്ങളാണ് ഈ പരിപാടികളിലൂടെ എടുത്തുകാണിച്ചത്.

ചടങ്ങില്‍ ഊര്‍ജ്ജമന്ത്രാലയം സെക്രട്ടറി അലോക് കുമാർ സ്വാഗതം പറഞ്ഞു. വെള്ളയില്‍ കെ.എസ്.ഇ.ബി വൈദ്യുതി ഭവനിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഇ.എം.സി ജില്ലാ നോഡല്‍ ഓഫീസര്‍ അനീഷ് രാജേന്ദ്രന്‍, ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഷാജി സുധാകരന്‍, പ്രസരണ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരായ എസ്.ശിവദാസ്, പി.പി മനോജന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി ആഘോഷങ്ങളുടെ ദൃശ്യങ്ങളും പ്രദര്‍ശിപ്പിച്ചു.


Reporter
the authorReporter

Leave a Reply