കുന്ദമംഗലം: മയക്കുമരുന്ന് വിൽപന നടത്താനായി വന്ന രണ്ടുപേർ കുന്ദമംഗലത്തെ ലോഡ്ജിൽ നിന്ന് പിടിയിലായി. മുണ്ടിക്കൽത്താഴം കോട്ടാം പറമ്പ് കുന്നുമ്മൽ മീത്തൽ പി.കെ. ഷാഹുൽ ഹമീദ് (28), പാലക്കോട്ടുവയൽ പുനത്തിൽ പൊയിൽ പി.പി. അതുൽ എന്ന കുക്കുട്ടൻ (28) എന്നിവരെയാണ് നാർകോട്ടിക്ക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ ടി.കെ. ഉമ്മറും കുന്ദമംഗലം പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ലയിൽ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ അരുൺ കെ. പവിത്രന്റെ നിർദേശത്തെ തുടർന്ന് പരിശോധന ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ രഹസ്യ വിവരത്തെ തുടർന്ന് കുന്ദമംഗലത്തെ ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിലാണ് 28.13 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെയും പിടികൂടുന്നത്.
ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് ചില്ലറ വിൽപന നടത്തുന്നവരിൽ പ്രധാനികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. കുന്ദമംഗലം, കാരന്തൂർ ഭാഗങ്ങളിലെ യുവാക്കളെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ചാണ് ലഹരി വിൽപന നടത്തുന്നത്. ഏറെ നാളത്തെ നിരീക്ഷണത്തിൽ ഇവരുടെ നീക്കങ്ങൾ മനസ്സിലാക്കിയ പൊലീസ് സംഘം വളരെ തന്ത്രപരമായി പിടികൂടുകയായിരുന്നു.
ഡൻസാഫ് എസ്.ഐ മനോജ് ഇടയേടത്ത്, കെ. അഖിലേഷ്, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, എം.കെ. ലതീഷ്, പി.കെ. സരുൺ കുമാർ, എം. ഷിനോജ്, കെ.എം. മഷ്ഹൂർ, പി.കെ. ദിനീഷ്, ഇ. അതുൽ, കുന്ദമംഗലം സ്റ്റേഷനിലെ എസ്.ഐ കെ.പി. ജിബിഷ, മുഹമ്മദ് ഷമീർ, മനോജ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഡാൻസാഫ് സംഘം ലഹരിക്കെതിരെ നഗരത്തിൽ നിരീക്ഷണം ശക്തമാക്കി. മയക്കുമരുന്ന് ലോബികളെ ശക്തമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ പരിസരം, ബസ് സ്റ്റാൻഡ്, മാളുകൾ, ലോഡ്ജ്, ബീച്ച്, വിദ്യാലയങ്ങളുടെ പരിസരങ്ങൾ എന്നിവിടങ്ങളിൽ ഡാൻസാഫ് സംഘം നിരീക്ഷണം ശക്തമാക്കി.