കോഴിക്കോട്:ഇന്ത്യ-പാക്ക് യുദ്ധത്തില്‍ വീരമൃത്യു വരിച്ച രാമനാട്ടുകര സ്വദേശിയായ ധീര സൈനികന്‍ എം.കെ.രാമചന്ദ്രന്റെ കുടുംബത്തെ ആദരിച്ചു. ‘ആസാദി കാ അമൃത മഹോത്സവ’ത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ സൈനിക ക്ഷേമ ഓഫീസും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. സൈനികന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ ഭാര്യ വനജാക്ഷിയെ എഡിഎം സി.മുഹമ്മദ് റഫീഖ് പൊന്നാടയണിയിച്ചു.
രാജസ്ഥാനിലെ ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ 1971 ഡിസംബര്‍ എട്ടിന് നടന്ന യുദ്ധത്തിലാണ് രാമചന്ദ്രന്‍ വീരചരമം പ്രാപിച്ചത്. സൈനിക സേവ (സര്‍വീസ്) വിത്ത് ക്ലാപ്പ്, എന്‍ഇഎഫ്എ സര്‍വീസ് മെഡല്‍- 1947 വിത്ത് ക്ലാപ്പ്, നാഗാ ഹില്‍സ് രക്ഷാ മെഡല്‍-1965 തുടങ്ങി ഒട്ടേറെ മെഡലുകള്‍ നല്‍കി രാജ്യം അദേഹത്തെ ആദരിച്ചിട്ടുണ്ട്.
ചടങ്ങില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ജോഷി ജോസഫ്, വെല്‍ഫയര്‍ ഓര്‍ഗനൈസര്‍ എം.പി.വിനോദന്‍, ഉദയകുമാര്‍, എ.മണികണ്ഠന്‍ എന്നിവരും സൈനികന്റെ കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.